ഡേവിഡ് വാര്‍ണറുടെ നായകത്വത്തിന്റേയും റാഷിദ് ഖാന്റെ സ്പിന്നിന്റേയും ബലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം !

സ്പോര്‍ട്സ് ഡസ്ക്
Wednesday, September 30, 2020

അബുദാബി: ഡേവിഡ് വാര്‍ണറുടെ നായകത്വത്തിന്റേയും റാഷിദ് ഖാന്റെ സ്പിന്നിന്റേയും ബലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണിലെ ആദ്യ ജയം. 163 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചു.

സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണ് ഇത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ ഡല്‍ഹിയുടെ മുന്നേറ്റ നിരയെ തകര്‍ക്കുകയായിരുന്നു. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെ റാഷിദ് ഖാന്‍ കൂടാരം കയറ്റി.

സണ്‍റൈസേഴ്‌സ് നിരയില്‍ ഖാലിദ് അഹ്മദ് ഒഴികെയുള്ള ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കുകയും, ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടുമിരുന്നു. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ഭുവി 2 വിക്കറ്റ് വീഴ്ത്തി. 34 റണ്‍സ് എടുത്ത ശിഖര്‍ ധവാന്‍ ആണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഓപ്പണര്‍മാരുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. വാര്‍ണര്‍ 33 പന്തില്‍ 45 റണ്‍സും, ബെയര്‍‌സ്റ്റോ 48 പന്തില്‍ 53 റണ്‍സും കണ്ടെത്തി. സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ വില്യംസണ്‍ 26 പന്തില്‍ നിന്ന് 41 റണ്‍സ് കണ്ടെത്തി ഹൈദരാബാദിനെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചു.

×