/sathyam/media/post_attachments/OmLZR2IXdkIOmvJWYNpr.jpg)
പാലാ:വ്യാപാര, വാണിജ്യ മേഖലകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിക്കൊണ്ടുതന്നെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനത്തിന് വ്യാപാരികളും ഹോട്ടല്‍ ഉടമകളും പിന്തുണ വാഗ്ദാനം ചെയ്തു.
കോവിഡ് വ്യാപനം കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വ്യാപാര, വാണിജ്യ മേഖലകളില്‍ അനിവാര്യമായ നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
നാളെ (ഏപ്രില്‍ 17) മുതല്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ മാത്രമാണ് ഹോട്ടലുകളും ബേക്കറികളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക. ഹോട്ടലുകളില്‍ രാത്രി ഒന്‍പതിനു ശേഷം ഇരുന്ന് ഭക്ഷണം കഴിക്കുന്ന സംവിധാനം ഉണ്ടാവില്ല. രാത്രി ഒന്‍പതു മുതല്‍ 11 വരെ പാഴ്സല്‍ വിതരണം ചെയ്യും. ബേക്കറികളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമാണ് അനുവദിക്കുക. പതിനൊന്നു മണിക്ക് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല.
വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കും. പല സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിവിധ സംഘങ്ങള്‍ക്ക് ഒന്നിച്ച് ഒരു ഹൗസ് ബോട്ടില്‍ യാത്രയൊരുക്കുന്നത് ഒഴിവാക്കും.
മാര്‍ക്കറ്റ് സമിതികളുടെയും ഹെല്‍പ്പ് ഡെസ്കുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കും. മാര്‍ക്കറ്റുകളിലെ മുഴുവന്‍ തൊഴിലാളികളും കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കുമെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. 45 നു മുകളില്‍ പ്രായമുള്ള തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
വാക്സിന്‍ വിതരണം നടത്തുന്നതിനും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നതിനും ആരോഗ്യ വകുപ്പിനെ കളക്ടര്‍ ചുമതലപ്പെടുത്തി.
അഡീഷണല്‍ ജില്ലാ പോലീസ് മേധാവി എ.യു സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യാധരന്‍, ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍, വ്യാപരി വ്യവസായി ഏകോപന സമിതി,ഹൗസ് ബോട്ട് അസോസിയേഷന്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവയുടെ ഭാരവാഹികള്‍, റിസോര്‍ട്ട് ഉടമകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us