എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കില്ല; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 18, 2021

ഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ തന്നെയാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരും വരുന്നതെന്നും അതിനാല്‍ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്.

ഈ ഉത്തരവ് ചോദ്യം ചെയ്ത് അധ്യാപകരും സലീം മടവൂരും എഎന്‍ അനുരാഗും ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടി ഉത്തരവ് സ്‌റ്റേ ചെയ്തതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയും.

അധ്യപകര്‍ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാര്‍ അധ്യപകരല്ലാത്തവര്‍ക്ക് മത്സരിക്കാമെന്ന നിയമസഭ ചട്ടത്തിലുള്ള ഉപവകുപ്പ് റദ്ദാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

×