ഒ ടി ടി പ്ളാ‌റ്റ്‌ഫോമുകളിലെ പരിപാടികള്‍ പരിശോധിക്കാന്‍ സ്‌ക്രീനിംഗ് സമിതി വേണമെന്ന് സുപ്രീംകോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 4, 2021

ന്യൂഡല്‍ഹി: ഒടിടി പ്ളാ‌റ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കുന്ന പല പരിപാടികളിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്ന് സുപ്രീംകോടതിയുടെ പരാമര്‍ശം. ആമസോണ്‍ പ്രൈമിലെ വെബ്‌സീരീസായ ‘താണ്ഡവ്’മായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പരാമര്‍ശിച്ചത്. ഇത്തരം ഉള‌ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പലതിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്നും അഭിപ്രായപ്പെട്ട സുപ്രീംകോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അഭിപ്രായം തേടി നോട്ടീസ് നല്‍കി. ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട് ആമസോണ്‍ പ്രൈം വീഡിയോ ഹെഡ് അപര്‍ണ പുരോഹിതിന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ അപര്‍ണ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് സുപ്രീംകോടതി ഇങ്ങനെ പരാമര്‍ശിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഐടി റൂള്‍സ്-2021ന് വ്യാപക പ്രചാരണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒടിടി പ്ളാ‌റ്റ്‌ഫോമിലെ ഉള‌ളടക്കം നിയന്ത്രിക്കുന്നതിന് കഴിഞ്ഞയാഴ്‌ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിയമമാണിത്. അപര്‍ണ പുരോഹിതിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്‌തഗി കേസില്‍ ഹാജരായി. പബ്ളിസി‌റ്റി താല്‍പര്യമുള‌ളവരാണ് ഇത്തരത്തില്‍ കേസുകള്‍ നല്‍കുന്നതെന്നായിരുന്നു മുകുള്‍ റോഹ്‌തഗിയുടെ വാദം.

×