Advertisment

ആരു പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് പൊലീസ് ; ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

New Update

ഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിടേണ്ടത് പൊലീസിന്റെ വിഷയമാണ്. എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. ക്രമസമാധാന വിഷയം തീരുമാനിക്കേണ്ടത് കോടതി അല്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു.

Advertisment

publive-image

അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാധാരണ രീതിയില്‍ ഇത്തരം സമരം നടക്കുമ്പോള്‍, അതിന് അനുമതി നല്‍കേണ്ടതും എത്രപേരെ പ്രവേശിപ്പിക്കാം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം പൊലീസിനാണ്.

ഇത് ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതിനാല്‍ ഈ ആവശ്യത്തില്‍ ഉത്തരവിറക്കാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ ആര് പ്രവേശിക്കണമെന്നത് പൊലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. എന്നാല്‍ അസാധാരണമായൊരു സാഹചര്യമാണ് ഡല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു.

ഈ ആവശ്യവും കോടതി നിരസിച്ചു. നിങ്ങള്‍ എന്താണ് പറയുന്നത്. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി എന്ത് ഉത്തരവാണ് ഇറക്കേണ്ടത്. അത് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ.

അതിന് എന്തിനാണ് കോടതിയുടെ പ്രത്യേക ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കാര്‍ഷിക നിയവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ മറ്റന്നാള്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

supreme court of india
Advertisment