Advertisment

ആളുകളെ അങ്ങനെ ബ്രാന്‍ഡ് ചെയ്യരുത്; എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാവും, ജഡ്ജിമാര്‍ക്കും അഭിപ്രായങ്ങളുണ്ടാവും; സമിതി അംഗങ്ങള്‍ക്കെതിരായ വിമര്‍ശനത്തില്‍ സുപ്രീം കോടതി

New Update

ഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ച സമിതിയിലെ അംഗങ്ങള്‍ക്കെതിരെ ചില കര്‍ഷക സംഘടനകള്‍ അധിക്ഷേപമുന്നയിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ജഡ്ജിമാര്‍ ഇക്കാര്യത്തില്‍ വിദഗ്ധര്‍ അല്ലാത്തതിനാലാണ് വിദഗ്ധര്‍ അടങ്ങിയ സമിതിയെ നിയോഗിച്ചതെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Advertisment

publive-image

സുപ്രീം കോടതി നിയോഗിച്ച സമിതിയെ അംഗങ്ങള്‍ പരസ്യമായി കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി രംഗത്തുവന്നവരാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക സംഘടനകള്‍ ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചത്.

''ഇതില്‍ പക്ഷപാതത്തിന്റെ കാര്യം എന്താണ്? തീരുമാനമെടുക്കാനുള്ള അധികാരം ഞങ്ങള്‍ സമിതിക്കു വിട്ടുകൊടുത്തിട്ടില്ല''- ചീഫ് ജസ്റ്റിസ് പറഞ്ഞു. നിങ്ങള്‍ സമിതിക്കു മുന്നില്‍ ഹാജരാവില്ല എന്ന നിലപാടു മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്നാല്‍ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലും നേരെ അധിക്ഷേപം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരാളെയും അങ്ങനെ ബ്രാന്‍ഡ് ചെയ്യേണ്ടതില്ല. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാവും. ജഡ്ജിമാര്‍ക്കും അഭിപ്രായങ്ങളുണ്ടാവും. ഇതിപ്പോള്‍ ഒരു പതിവായിരിക്കുകയാണ്. നമുക്ക് ഇഷ്ടമില്ലാത്തവരെ ബ്രാന്‍ഡ് ചെയ്യുക.- കോടതി അഭിപ്രായപ്പെട്ടു.

ജനുവരി 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുള്ള കര്‍ഷക റാലി തടയണമെന്ന ഹര്‍ജിയില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. അതൊരു ക്രമസമാധാന പ്രശ്‌നമാണ്. പൊലീസിന് ഇതില്‍ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.

supreme court of india
Advertisment