സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി വകുപ്പിലെ സെക്ഷന്‍ 80P പ്രകാരം ഇളവ് അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി വകുപ്പിലെ സെക്ഷന്‍ 80P പ്രകാരം ഇളവ് അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവായി. നിലവിലെ കേരള ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്‍റെ ഉത്തരവ്. സഹകരണ സംഘങ്ങള്‍ക്ക് നികുതിയില്‍ അനുവദിച്ചിട്ടുള്ള വിവിധ കിഴിവുകള്‍ ആണ് സെക്ഷന്‍ 80P യില്‍ പറഞ്ഞിട്ടുള്ളത്.

ഈ കിഴിവുകള്‍ അനുവദിക്കാതിരിക്കാന്‍ ആദായനികുതി വകുപ്പ് കാലങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഈ വിധി. ചില പ്രസക്തമായ കാര്യങ്ങള്‍…

കേരള സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങളെ ‘കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ ആയി കണക്കാക്കണം. ഇതിനായി കൂടുതല്‍ പരിശോധനകള്‍ ആദായനികുതി വകുപ്പ് നടത്തേണ്ടതില്ല.

റിസര്‍വ് ബാങ്കിന്‍റെ ലൈസന്‍സ് ഉള്ള സംഘങ്ങളെ മാത്രമേ ‘കോ-ഓപ്പറേറ്റീവ് ബാങ്ക്’ ആയി കണക്കാക്കേണ്ടതുള്ളു.

കാര്‍ഷിക വായ്പ, കാര്‍ഷികേതര വായ്പ എന്നീ വേര്‍തിരിവുകള്‍ ഇല്ലാതെ ഇളവ് ലഭ്യമാണ്.

ആദായനികുതി വകുപ്പ് പരിശോധിക്കേണ്ടത് ഒരേയൊരു കാര്യം ആണ്. ഈ വായ്പകള്‍ അംഗഗള്‍ക്ക് ആണോ അതോ പൊതുജനത്തിനാണോ നല്‍കിയിരിക്കുന്നത് എന്ന്. നോമിനല്‍ മെമ്പറെ മെമ്പര്‍ ആയി കണക്കാക്കണം എന്നും കോടതി ഉത്തവില്‍ കൂട്ടിച്ചേര്‍ത്തു.

സെക്ഷന്‍ 80P സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഉദാരമതിയായ വകുപ്പ് ആണെന്നും അത് വിശാലമനസ്സോടെയും വിവേകപൂര്‍വ്വവും വ്യാഖ്യാനിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇനി എന്തെങ്കിലും സംശയത്തിനുള്ള സാധ്യത ആ വകുപ്പില്‍ ഉണ്ടെങ്കില്‍ അത് സംഘത്തിന് അനുകൂലമായ രീതിയില്‍ എടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

×