ആയിരം പഞ്ചായത്തുകള്‍ ബിജെപിക്ക് തരൂവെന്ന് സുരേഷ് ഗോപി; സംസ്ഥാനത്താകെ 941 എണ്ണമേ ഉള്ളൂവെന്ന് സോഷ്യല്‍ മീഡിയ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, December 12, 2020

കോഴിക്കോട്: ആയിരം പഞ്ചായത്തുകള്‍ തരൂവെന്ന ബിജെപി രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വൈറലാകുന്നത്.

ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും എണ്ണം എല്ലാ കൂടി ചേര്‍ത്തായിരിക്കും താരം പ്രസ്താവന നടത്തിയതെന്നാണ് ചിലരുടെ പരിഹാസം.

 ‘ട്രോള്‍ മലയാളത്തില്‍’ വന്ന ഒരു ട്രോള്‍ ഇതാ…

കോഴിക്കോട് കോപറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

ബിജെപി പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും അതിന്റെ പേരില്‍ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാല്‍ കുഴപ്പമില്ലെന്നും വേദിയില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. ‘

നിങ്ങൾ സംഘിയെന്നോ ചാണകസംഘിയെന്നോ വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകുന്നത്.

ചില വൃത്തിക്കെട്ട ജൻമങ്ങൾ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം പോലെ ചെയ്യുന്നതാണ് ഇതെല്ലാമെന്ന് സുരേഷ് ഗോപി പറഞ്ഞു.  കെട്ടിയിറക്കിയ വെറും നടനായ എംപിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ പരിശോധിക്കാനും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. കേരളത്തിലെ മറ്റ് 20 എംപിമാർ ഏതേലും ഗ്രാമം ദത്തെടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരത്തെ കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്നു നോക്കൂ. കെട്ടിയിറക്കിയ ഈ എംപി എന്തു ചെയ്തുവെന്ന് മനസിലാക്കാം. അതുകൊണ്ട് കേരളത്തില്‍ ഒരായിരം പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് തരൂവെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർഥിക്കുന്നു.

×