Advertisment

സുരേഷ് ഗോപി ചിത്രം 'കടുവാക്കുന്നേല്‍ കുറുവച്ചന്റെ' ചിത്രീകരണത്തിന് കോടതി വിലക്ക്‌; കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് എടുത്തതെന്ന് വാദം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന സുരേഷ്‌ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന് കോടതി വിലക്ക്. സുരേഷ്‌ഗോപിയുടെ 250ാം ചിത്രമെന്ന നിലയിലായിരുന്നു ഇത് പ്രഖ്യാപിക്കപ്പെട്ടത്.

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ഹർജിക്കാർ ആരോപിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന.

സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സോഷ്യൽ മാധ്യമങ്ങളിലുൾപ്പെടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞ് ഉത്തരവായി.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേർപ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം പൃഥിരാജിന്റെ ജൻമദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസും നടന്നിരുന്നു. ഈ വർഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടർന്ന് മാറ്റിവക്കുകയായിരുന്നു.

ജിനു ഏബ്രഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസ് ആണ് ഇതിന്റെ തിരക്കഥ. പൃഥിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടൺ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കി. ഹർജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവൻ കോടതിയിൽ ഹാജരായി.

Advertisment