സുശാന്തിന്റെ മരണം; റിയാ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ലോക്ഡൗണ്‍ സമയത്ത് താമസിച്ചത് സുശാന്തിനൊപ്പം ഫ്‌ളാറ്റില്‍, തിരിച്ചു പോയത് വഴക്കിട്ടതിനെ തുടര്‍ന്ന്; 2020 അവസാനത്തോടെ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു; നടിയുടെ മൊഴി ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍. ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്ലാറ്റിലാണു താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടര്‍ന്നാണു തിരിച്ചുപോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു.

Advertisment

publive-image

ശനിയാഴ്ച രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു. റിയയുടെ ഫോണ്‍ പൊലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു.

വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഞായറാഴ്ചയാണ്, മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചിരുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്ര ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെപ്പറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു.

സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന സുശാന്തിന് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെ പറ്റിയും അന്വേഷിക്കുന്നത്. നടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഫൊറന്‍സിക് സംഘത്തിനു കൈമാറി. അവസാന ദിവസങ്ങളിലെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.

riya chakravarty
Advertisment