മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റേത് കൊലപാതകമെന്ന് കുടുംബം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിയിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റേത് കൊലപാതകമെന്ന് കുടുംബം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസസമരം നടത്തുന്നു.

അതേസമയം മരണത്തിനിടയാക്കിയ യാത്രയുടെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. അപകട സ്ഥലത്തുണ്ടായിരുന്ന രണ്ട് സ്കൂട്ടറുകള്‍ തിരിച്ചറിയുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി.

എസ്.വി. പ്രദീപ് മരിച്ചിട്ട് നാല്‍പത് ദിവസമാവുകയാണ്. അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ജോയി അറസ്റ്റിലായെങ്കിലും മരണത്തില്‍ വ്യക്തത വരുത്താന്‍ പൊലിസിനായിട്ടില്ലെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പരാതി. അതിനാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രദീപിന്റെ അമ്മ സെക്രട്ടേറിയറ്റ് നടയില്‍ ഏകദിന ഉപവാസസമരം നടത്തിയത്.

അതിനിടെ അപകട യാത്രയുടെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വട്ടിയൂര്‍ക്കാവ് മൈലമൂട്ടിലെ ക്രഷര്‍ യൂണിറ്റില്‍ നിന്ന് പാറപ്പൊടി കയറ്റിയാണ് ലോറി യാത്ര തുടങ്ങുന്നത്. പൂജപ്പുര വഴി നീറമണ്‍കരയിലെത്തുമ്പോളാണ് പ്രദീപിന്റെ സ്കൂട്ടറും ലോറിയും ഒരേ പാതയിലെത്തുന്നത്. രണ്ട് സ്ത്രീകളുള്ള സ്കൂട്ടറും ലോഡ് കയറ്റിയ മറ്റൊരു സ്കൂട്ടറും പ്രദീപിന്റെ മുന്നിലായുണ്ട്. ഈ രണ്ട് സ്കൂട്ടറിനെയും പ്രദീപ് ഓവര്‍ടേക് ചെയ്യുന്നു. അതേസമയം തന്നെ പ്രദീപിന്റെ സ്കൂട്ടറിനെ ലോറിയും മറികടക്കുമ്പോളാണ് അപകടമുണ്ടാകുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സ്കൂട്ടര്‍ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. ഇവരുടെ മൊഴികൂടിയെടുത്ത ശേഷം അന്തിമനിഗമനത്തിലേക്കെത്താനാണ് പൊലീസിന്റെ ആലോചന.

×