സ്വാമിക്ക് സ്വാമിയേ …ശരണം !! അങ്ങയെ സമാധാനമായി കണ്ട്‌ അനുഗ്രഹം വാങ്ങാന്‍ ആഗ്രഹം …

ടി ജി വിജയകുമാര്‍
Thursday, November 14, 2019

ശബരിമലയിൽ യുവതികൾക്ക്‌ പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ വിധിയ്ക്ക്‌ മാറ്റമില്ല, സ്റ്റേയുമില്ല. യുവതികൾക്ക്‌ ശബരിമലയിൽ പ്രവേശിക്കാം എന്നർത്ഥം. അവർക്ക്‌ സംരക്ഷണം നൽകേണ്ടത്‌ സർക്കാരിന്റെ ഉത്തരവാദിത്വമായി മാറുന്നു. അത്തരം സാഹചര്യത്തെ ചെറുക്കുക, പ്രതിരോധിക്കുക സംഘപരിവാർ ശക്തികളുടേയും ഉത്തരവാദിത്വമായി മാറും.

പുനഃപരിശോധനയും വാദവും വിധിയുമെല്ലാം നിലവിലെ രീതി അനുസരിച്ച്‌ ചുരുങ്ങിയത്‌ അടുത്ത ഒരു പതിനഞ്ചുകൊല്ലത്തെ കാലതാമസമെങ്കിലും ഉണ്ടാകും. ഈ പതിനഞ്ചുകൊല്ലവും ശബരിമലയിൽ സംഘർഷം തുടരുമെന്നർത്ഥം.

കമ്മ്യൂണിസ്റ്റ്‌ – കോൺഗ്രസ്സ്‌ – ബി ജെ പി താത്പര്യങ്ങൾക്ക്‌ സംഘർഷഭൂമിയായി ശബരിമല മാറുമെന്നർത്ഥം.

അയ്യപ്പ സ്വാമിയേ …
ശരണം. !!!

സംഘർഷഭൂമിയിൽ വന്ന് അങ്ങയെ ദർശ്ശിച്ച്‌ അനുഗ്രഹം വാങ്ങി ലോട്ടറി ടിക്കറ്റ്‌ എടുത്ത്‌ സമ്പന്നനാകാം എന്ന അതിമോഹം അടുത്ത പതിനഞ്ചു കൊല്ലത്തേയ്ക്ക്‌ മാറ്റിവെയ്ക്കുന്നു.

അയ്യപ്പസ്വാമീ…
അങ്ങ്‌ ശബരിമലയിൽ മാത്രമല്ലല്ലൊ ജീവിക്കുന്നത്‌. അങ്ങേയ്ക്കായി കേരളത്തിലുടനീളം ക്ഷേത്രങ്ങളുണ്ടല്ലൊ …

പിന്നെ,
ഭാരതത്തിലുടനീളവും…
ലോകത്തിന്റെ പലേ ഭാഗങ്ങളിലും. …,

ഈ സർവ്വസഞ്ചാരത്തിനിടയിൽ അടിയൻ അങ്ങേയ്ക്കയി ഒരുക്കുന്ന നിവേദ്യവും പ്രാർത്ഥനയും സ്വീകരിക്കുവാൻ അടിയന്റെ പൂജാമുറിയിലേയ്ക്ക്‌ ക്ഷണിക്കുന്നു. വരുമോ ?,
സ്വാമീ വരണം , വന്നനുഗ്രഹിക്കണം

അങ്ങയെ സമാധാനമായി കണ്ട്‌ അനുഗ്രഹം വാങ്ങാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണീ കുറിപ്പ്‌, അപേക്ഷ. കൈവിടരുതേ സ്വാമീ.

[ ലേഖകന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തുകാരനുമാണ് ]

×