എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി: സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 14, 2021

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്‌സിലെ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ജയിലെത്തിയാണ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിന് പിന്നാലെ സ്വപ്നയെ 10 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. എയര്‍ ഇന്ത്യാ ജീവനക്കാരനെതിരെ വ്യാജ പരാതികള്‍ ചമച്ചുവെന്നാണ് സ്വപനക്കെതിരായ കേസ്.

എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ എൽഎസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസിൽ സ്വപ്നയും എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്.

ഇതേ കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയർഇന്ത്യാ ഉദ്യോഗസ്ഥരെയും കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എൽഎസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്. സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ ഈ കേസും വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിച്ചതിന് എൽഎസ് സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു.

×