Advertisment

ഫാ. പോള്‍ തേലക്കാട്ട് അടക്കമുള്ള വൈദീകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിറോ മലബാര്‍ സഭ സിനഡിന്റെ നിര്‍ദേശം. ഫാ. തേലക്കാട്ടിന് പുറമെ ഫാ. ആന്റണി കല്ലൂക്കാരന്‍, ഫാ. ബെന്നി മാരാംപറമ്പില്‍ എന്നിവര്‍ക്കെതിരെയും നടപടി. വൈദീക പദവി വിലക്ക് വരെ നേരിടേണ്ടി വരും ! ആദ്യ ഘട്ടമായി മൂന്നു വൈദീകരുടെയും സസ്‌പെന്‍ഷന്‍ ഉടന്‍. നടപടി വ്യാജരേഖാ കേസിന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെ വിശുദ്ധപദവി സംബന്ധിച്ച വിവാദ ലേഖനത്തിന്റെയും പശ്ചാത്തലത്തില്‍

New Update

publive-image

Advertisment

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കെതിരെ നടപടി എടുത്ത് സിറോ മലബാര്‍ സഭാസിനഡ്. ഫാദര്‍ പോള്‍ തേലക്കാട്ട് അടക്കമുള്ള വൈദീകര്‍ക്കെതിരെയാണ് സഭയുടെ നടപടി. വൈദിക പദവിക്ക്‌വരെ വിലക്കിന് ശുപാര്‍ശയുള്ളതാണ് നടപടി.

ഇവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട രൂപതാധ്യക്ഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദീകര്‍ക്കെതിരായ നടപടി വ്യാജരേഖാ കേസിന്റെയും , ജോണ്‍ പോള്‍ രണ്ടാമന്റെ വിശുദ്ധപദവി സംബന്ധിച്ച വിവാദ ലേഖനത്തിന്റെയും പശ്ചാത്തലത്തിലാണ്.

publive-image

ഫാദര്‍ പോള്‍ തേലക്കാട്ട്

ഫാ. പോള്‍ തേലക്കാട്ടിന് പുറമെ ഫാ. ആന്റണി കല്ലൂക്കാരന്‍, ഫാ. ബെന്നി മാരാംപറമ്പില്‍ എന്നിവരാണ് വ്യാജരേഖകേസിലെ പ്രതികള്‍. ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഷനാകും ഇവര്‍ക്ക് ലഭിക്കുക. തുടര്‍ന്ന് വിശദീകരണം ചോദിച്ച് വൈദീക പദവിക്ക് വിലക്കുവരെയുണ്ടാകാനാണ് സാധ്യത.

publive-image

സമീപകാലത്ത് സഭയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ച വ്യാജരേഖാ കേസ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധപദവിയെക്കുറിച്ച് വിവാദമുയര്‍ത്തിയ ലേഖനം, സഭയുടെ പേരില്‍ മൗലികവാദപരമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ സിനഡ് വിശദമായി വിലയിരുത്തി.

publive-image

ഫാ. ആന്റണി കല്ലൂക്കാരന്‍

സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍മാര്‍ക്ക് സിനഡ് നിര്‍ദ്ദേശം നല്‍കി. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരെ നല്‍കിയ പരാതികള്‍ നിലനില്‍ക്കുന്നവയല്ല എന്ന പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി.

publive-image

ഫാ. ബെന്നി മാരാംപറമ്പില്‍

ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങള്‍ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചു ബിഷപ്പ് ആന്റണി കരിയില്‍ പൂര്‍ത്തിയാക്കണമെന്ന് സിനഡ് നിര്‍ദേശിച്ചു. സഭയുടെ പൊതു നന്മയെ ലക്ഷ്യമാക്കി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സഹകരണത്തിന്റെ മനോഭാവം പുലര്‍ത്തണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു.

സിറോമലബാര്‍ സഭയുടെ കുര്‍ബ്ബാനയുടെ പരിഷ്‌കരിച്ച ക്രമം പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരത്തോടെ വൈകാതെ പ്രസിദ്ധീകരിക്കും. സിറോമലബാര്‍ കുര്‍ബ്ബാനയിലെ വചന വായനയ്ക്കായി രണ്ടാമതൊരു വായനാകലണ്ടറിനുകൂടി പരീക്ഷണാര്‍ത്ഥം സിനഡ് അംഗീകാരം നല്‍കി. സഭയില്‍ ആഘോഷിക്കപ്പെടുന്ന തിരുനാളുകളുടെ പ്രാധാന്യമനുസരിച്ചുള്ള പട്ടികയും സിനഡ് അംഗീകരിച്ചു.

publive-image

ബിഷപ്പ് ആന്റണി കരിയില്‍

മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് സഭാനിയമപ്രകാരം അനുവാദമുള്ളതിനാല്‍ പ്രസ്തുത സാഹചര്യങ്ങളില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. സഭയുടെ അസംബ്ലി 2022 ആഗസ്റ്റില്‍ ചേരും. ചര്‍ച്ചാവിഷയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ രൂപതാതലത്തില്‍ വൈദികരും സന്യസ്തരും അല്‍മായരുമായി വിശദമായ ആശയ വിനിമയം നടത്തും.

രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ സിനഡ് ഉത്കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞ ആറുദിവസമായി ഓണ്‍ലൈനില്‍ നടന്ന സിനഡില്‍ 56 മെത്രാന്മാര്‍ പങ്കെടുത്തു.

Advertisment