കൊച്ചി: സിറോ മലബാര്‍ സഭ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച കത്തിലെ പ്രധാന ആവശ്യങ്ങള്‍ അവഗണിച്ച് ലൗ ജിഹാദിനെക്കുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യവുമായി സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക് അഫയേഴ്സ് കമ്മിഷന്‍ രംഗത്ത്.
/sathyam/media/post_attachments/dBzQqe9mjPPVpNJcuWUL.jpg)
സിറോ മലാബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് അയച്ചത് പൗരത്വ നിയമത്തിലെ ആശങ്ക പരിഹരിക്കണമെന്നും ഭരണഘടന സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ടുള്ള വിശദമായ കത്താണ്. എന്നാല്‍ ചര്‍ച്ചയാക്കപ്പെട്ടത് ലൗ ജിഹാദിനേക്കുറിച്ച് മാത്രമാണ്.
പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുകയാണ്. ലൗ ജിഹാദ് നിലപാട് മുസ്‌ലിം സമുദായത്തിനെതിരെയാണ് സഭ എന്നു വ്യാഖ്യാനിക്കുന്നതു വസ്തുതാപരമല്ലെന്നും കമ്മിഷന്‍ വിശദീകരിക്കുന്നു. സിനഡ് സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള സഭാ നിലപാട് രൂപപ്പെടുത്തിയത്.
സിനഡ് താഴപ്പറയുന്ന കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്:
പൗരത്വ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്.
തിരിച്ചുപോകാന്‍ ഇടമില്ലാത്തതിനാല്‍ രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയാറാകണം. പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം. അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥി ക്യാംപുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം.
സര്‍ക്കാര്‍ നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും അധാര്‍മികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും കമ്മിഷന്‍ വ്യക്തമാക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേക്കു പൗരത്വ നിയമം വരാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കണമെന്നും ആവശ്യമായ ചര്‍ച്ചകള്‍ ഇനിയും നടത്തണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു. വ്യക്തമായ നിലപാടെടുത്തിട്ടും പൗരത്വ നിയമത്തിന് അനുകൂലമായുള്ള നിലപാടാണ് സിറോ മലബാര്‍ സഭ സ്വീകരിച്ചതെന്ന് ആരോപിച്ച് ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കിടയില്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായാണ് കമ്മിഷന്‍ വിലയിരുത്തല്‍.
കെ.സി.ബി.സി വക്താവും പി.ഒ.സി ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപരമായ അഭിപ്രായം ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരു ഭാഗം മാത്രമാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു ദിനപത്രം കെ.സി.ബി. സി വക്താവിന്റെ ലേഖനം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചതെന്നു ഫാ. വള്ളികാട്ട് പറയുന്നു. അതുകൊണ്ടു തന്നെ ലേഖനത്തിലെ ആശയങ്ങള്‍ കേരള കത്തോലിക്കാ സഭയുടെയോ സിറോ മലബാര്‍ സഭയുടെയോ ഔദ്യോഗിക നിലപാടല്ലെന്നും സഭ വിശദീകരിക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനു പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്ന മറ്റ് വിഷയങ്ങളായ കാര്‍ഷിക പ്രശ്നങ്ങള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാരായവര്‍ക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങള്‍ അവഗണിച്ച് സിനഡാനന്തര സര്‍ക്കുലറിനെ 'ലൗ ജിഹാദ് സര്‍ക്കുലര്‍' എന്ന് വിശേഷിപ്പിക്കുന്നത് ഗൂഡാലോചനയാണെന്നും കമ്മിഷന്‍ വിലയിരുത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us