സ്വന്തം മകനോടെന്ന പോലെ അവര്‍ എനിക്ക് നല്‍കുന്ന സ്‌നേഹം, സന്ദീപിന് നല്‍കേണ്ടിയിരുന്ന സ്‌നേഹം പകര്‍ന്ന് നല്‍കും പോലെ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു; ഡാഡിയും മമ്മിയും സന്ദീപിന്റെ ഓര്‍മകള്‍ ഒരു മുറിയില്‍ സൂക്ഷിച്ചത് കാണുമ്പോള്‍ ഒന്ന് വിതുമ്പിപ്പോകും; സന്ദീപ് ഉപയോഗിച്ച ബ്രഷ് മുതല്‍ അവസാനമായി പുതപ്പിച്ച ദേശീയ പതാക വരെ അവിടെ കാണാം: മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിനെക്കുറിച്ച് ടി. സിദ്ദിഖിന്റെ കുറിപ്പ്‌

Thursday, February 11, 2021

ഭാരതത്തിന്റെ ധീരപുത്രന്‍ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

സന്ദീപിന്റെ മാതാപിതാക്കളുമായി സ്വന്തം ഉപ്പയോടും ഉമ്മയോടുമെന്ന പോലെയുള്ള ആത്മബന്ധം സൂക്ഷിക്കുന്ന തനിക്ക് ഒരു വര്‍ഷത്തിനടുത്ത് അവരെ കാണാന്‍ കഴിയാതിരുന്നത് വിഷമമുണ്ടാക്കിയതായി സിദ്ദിഖ് പറഞ്ഞു. സ്വന്തം മകനോടെന്ന പോലെ അവര്‍ തനിക്ക് നല്‍കുന്ന സ്‌നേഹം, അവര്‍ സന്ദീപിന് നല്‍കേണ്ടിയിരുന്ന സ്‌നേഹം പകര്‍ന്നു നല്‍കും പോലെ തനിക്ക് അനുഭവിക്കാന്‍ കഴിയുന്നുവെന്നും സിദ്ദിഖ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്…

ബാംഗ്ലൂരിൽ നാടിന്റെ അഭിമാനമായ മേജർ സന്ദീപ്‌ ഉണ്ണിക്കൃഷ്ണന്റെ ഡാഡിയേയും മമ്മിയേയും കാണാൻ പോയി. കോവിഡ്‌ ആയതിനാൽ ഒരു വർഷമായി അവരെ കാണാൻ സാധിച്ചിരുന്നില്ല. ഓരോ ഭാരതീയന്റേയും ഹൃദയത്തിൽ സന്ദീപിനു ഒരിടമുണ്ട്‌. നമുക്ക്‌ വേണ്ടി വെടിയേറ്റ്‌ പിടഞ്ഞ്‌ വീണ സന്ദീപ്‌ പാക്കിസ്ഥാനി തീവ്രവാദിക്ക്‌ നേരെ പാഞ്ഞടുത്ത നിമിഷങ്ങൾ എങ്ങനെ മറക്കാൻ കഴിയും.

2008 ൽ പാക്കിസ്ഥാൻ ഭീകരർ മുംബൈയിൽ ഭീകരാക്രമണം നടത്തിയപ്പോൾ രാജ്യസ്നേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സ്വന്തം രാജ്യം തോൽക്കാൻ പാടില്ലെന്ന ദൃഢനിശ്ചയത്തിൽ നടത്തിയ പോരാട്ടം നമ്മെ ആവേശത്തിലാഴ്ത്തുന്നു.

സന്ദീപിന്റെ മമ്മിയും ഡാഡിയുമായി സ്വന്തം ഉപ്പയോടും ഉമ്മയോടുമെന്ന പോലെയുള്ള ആത്മബന്ധം സൂക്ഷിക്കുന്ന എനിക്ക്‌ ഒരു വർഷത്തിനടുത്ത്‌ അവരെ കാണാൻ കഴിയാതിരുന്നത്‌ വിഷമമുണ്ടാക്കി. അത്‌ കൊണ്ടാണു തിരക്കിനിടയിൽ അവരെ കാണാൻ പോയത്‌. കോഴിക്കോട്‌ ചെറുവണ്ണൂരാണെങ്കിലും അവർ വർഷങ്ങളായി ബാംഗ്ലൂരിലാണു താമസിക്കുന്നത്‌. ബാംഗ്ലൂരിലെ വീട്‌ ഇപ്പോൾ ഒരു സ്മാരകമാണു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുൾ ആ വീട്ടിൽ വന്ന് കൊണ്ടിരിക്കുന്നു.

ഡാഡിയും മമ്മിയും സന്ദീപിന്റെ ഓർമ്മകൾ ഒരു മുറിയിൽ സൂക്ഷിച്ചത്‌ കാണുമ്പോൾ ഒന്ന് വിതുമ്പിപ്പോകും. സന്ദീപ്‌ ഉപയോഗിച്ച ബ്രഷ്‌ മുതൽ അവനെ അവസാനമായി പുതപ്പിച്ച ദേശീയ പതാക വരെ നമുക്ക്‌ അവിടെ കാണാം. വെടിയേറ്റ്‌ വീണപ്പോൾ ധരിച്ച യൂണിഫോം മുതൽ സന്ദീപിന്റെ കുറിപ്പുകൾ വരെ അവിടെയുണ്ട്‌. വരും തലമുറയ്ക്ക്‌ സന്ദീപിന്റെ ഓർമ്മകൾ കരുത്താകുമെന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നു.

കോഴിക്കോട്‌ ഡിസിസി പ്രസിഡണ്ട്‌ ആയിരുന്ന സമയത്ത്‌ ഡാഡിയേയും മമ്മിയേയും അദരിക്കാൻ കഴിഞ്ഞത്‌ അനുഗ്രഹമായി കരുതുന്നു. സ്വന്തം മകനോടെന്ന പോലെ അവർ എനിക്ക്‌ നൽകുന്ന സ്നേഹം അവർ സന്ദീപിനു നൽകേണ്ടിയിരുന്ന സ്നേഹം പകർന്ന് നൽകും പോലെ എനിക്ക്‌ അനുഭവിക്കാൻ കഴിയുന്നു

×