/sathyam/media/post_attachments/anEOhoxxidUC0fwOi7Jh.jpg)
കാഞ്ഞങ്ങാട്: കോഴിക്കോട് ചികിത്സയിലുള്ള മകന് വൃക്ക നല്‍കാന്‍ ഷാര്‍ജയിലുള്ള അമ്മ തയ്യാറാണ്. പക്ഷേ, മകന്റെ ജീവന്‍ രക്ഷിക്കാന്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നാട്ടിലെത്താന്‍ വിമാന ടിക്കറ്റിന് പണമില്ല. ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി സഹായവുമായി എത്തിയിരിക്കുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്.
സിദ്ദിഖിന്റെ സ്വന്തം ചിലവില്‍ ഈ കുടുംബം തിങ്കളാഴ്ച കൊച്ചിയില്‍ വിമാനമിറങ്ങും. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ നാരായണനും ഭാര്യ മിനിയും മകള്‍ നയനയുമാണ് തിങ്കളാഴ്ച എത്തുന്നത്. വൃക്കസംബന്ധമായ രോഗം മൂലം കോഴിക്കോട് ചികിത്സയിലാണ് ഇവരുടെ മകന്‍ അജയ്.
ഷാര്‍ജയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്നു നാരായണന്‍. കുടുംബത്തോടൊപ്പം അവിടെയായിരുന്നു താമസം. എന്നാല്‍ വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി മകന്‍ അജയ് കേരളത്തിലേക്ക് പോരുകയായിരുന്നു.
കോഴിക്കോട് ചികിത്സയില്‍ കഴിയുമ്പോള്‍ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അമ്മ മിനി വൃക്ക നല്‍കാന്‍ തയ്യാറായി.
എന്നാല്‍ യാത്രാ അനുമതി ലഭിച്ചെങ്കിലും നാട്ടിലെത്താന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നു നാരായണനും കുടുംബവും.
ഇന്‍കാസിന്റെ മുനീര്‍ കുമ്പളയും അനുരയും സിദ്ദിഖിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. യൂത്ത് കെയറിന്റെ ഭാഗമായി നല്‍കുന്ന ടിക്കറ്റുകളില്‍ നിന്നല്ലാതെ ഇവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.
അജയിയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചതായും അവര്‍ നാട്ടിലെത്തിയ ശേഷം ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും സിദ്ദിഖ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us