കേരളം

‘മാലിക് സിനിമ കണ്ടു, നന്നായിട്ടുണ്ട്. മാലിക് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം’; ചുമരില്‍ വെള്ളപൂശുന്ന ചിത്രം പങ്കുവച്ച് ടി. സിദ്ദിഖിന്റെ പരിഹാസം

ഫിലിം ഡസ്ക്
Tuesday, July 20, 2021

കോഴിക്കോട്: മാലിക് സിനിമയെ ട്രോളി ടി.സിദ്ദിഖ് എം.എൽ.എ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സിദ്ദിഖിന്‍റെ പരിഹാസം. കുറിപ്പിനൊപ്പം ഒരാൾ ചുമരിൽ വെള്ളപൂശുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ‘മാലിക്‌ സിനിമ കണ്ടു… നന്നായിട്ടുണ്ട്‌… മാലിക്‌ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ നിന്നുള്ള ചിത്രം’-എന്നായിരുന്നു സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത ചിത്രമാണ് മാലിക്കെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സിനിമയെ പരിഹസിച്ച് കൊണ്ടുള്ള ടി സിദ്ദിഖിന്റെ പോസ്റ്റ്. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവയ്പ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് വിമർശനങ്ങള്‍ക്ക് കാരണമായത്.

മാലിക്​ സിനിമ ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അടിമത്തമെന്നത് സംവിധായകൻ മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണെന്നും ഫേസ്​​ബുക്ക്​ പോസ്റ്റിലൂടെ രാഹുൽ വിമർശിച്ചു.

വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്കെന്നും വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുബിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എഴുത്തുകാന്‍ എന്‍.എസ് മാധവന്‍, സംവിധായകന്മാരായ നിഷാദ് കോയ, ഒമര്‍ ലുലു എന്നിവരും സിനിമയെ വിമർശിച്ചിരുന്നു.

×