"സിദ്ധിഖ്‌ മാമാ... ഞങ്ങൾക്ക്‌ പഠിക്കാൻ ടിവി വേണം, ഞങ്ങടെ അമ്മ മരിച്ചിട്ട്‌ ഒരു മാസമായി;  എനിക്ക്‌ രണ്ട്‌ അനിയത്തിയും ഒരു അനിയനുമുണ്ട്‌, ഫോണുമില്ല, ടിവിയുമില്ല; സ്വന്തം മണ്ഡലമല്ലാതിരുന്നിട്ടും 12 വയസ്സുകാരിയുടെ സങ്കടം കേട്ട് ടി സിദ്ധിഖ് എംഎല്‍എ !

New Update

മാനന്തവാടി : "സിദ്ധിഖ്‌ മാമാ, ഞങ്ങൾക്ക്‌ പഠിക്കാൻ ടിവി വേണം. ഞങ്ങടെ അമ്മ മരിച്ചിട്ട്‌ ഒരു മാസമായി. എനിക്ക്‌ രണ്ട്‌ അനിയത്തിയും ഒരു അനിയനുമുണ്ട്‌... ഫോണുമില്ല, ടിവിയുമില്ല."

Advertisment

വിഷ്‌ണു പ്രിയ എന്ന 12 വയസ്സുള്ള ആദിവാസി പെൺകുട്ടി നിഷ്കളങ്കമായി ഇത്‌ പറയുമ്പോൾ വളരെ ചെറിയ സഹോദരങ്ങൾ നിഷ്കളങ്കമായി ചിരിക്കുന്നു. അമ്മ എങ്ങോട്ട്‌ പോയി എന്ന് ആ പിഞ്ച്‌ കുട്ടികൾക്ക്‌ അറിയില്ലല്ലൊ.

publive-image

മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരം പഞ്ചായത്തിൽപ്പെട്ട ഒമ്പതാം വാർഡ് ആര്യന്നൂർ കോളനിയിൽ ഒരുമാസം മുമ്പ് അസുഖം ബാധിച്ച് അകാലത്തിൽ മരണപ്പെട്ടു പോയ 32 വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന സംഗീതയുടെ മക്കളാണവർ.

വിഷ്ണു പ്രിയയെ കൂടാതെ പ്രവീൺ, പ്രീത, സവിത എന്നീ കുട്ടികളാണു സംഗീതയ്‌ക്കും അനൂപിനുമുള്ളത്‌‌. കൂലിപ്പണിക്കാരനായ അനൂപിനു ലോൿഡൗൺ കാരണം ജോലിയും കൂലിയും ഇല്ലാത്ത സാഹചര്യമാണ്‌.

മൂത്ത മകളായ വിഷ്ണു പ്രിയ എന്ന പന്ത്രണ്ടുകാരി അമ്മയ്ക്ക്‌ പകരമായി ആ കുട്ടികളെ ചേർത്ത്‌ നിർത്തുകയാണ്. കൽപറ്റ എം.എൽ.എ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സഹായിക്കും എന്ന് അവരോട്‌ വാർഡ്‌ മെമ്പർ ആസിയയും കോൺഗ്രസ്‌ പ്രവർത്തകനായ സിറാജ്‌ പനമരവും പറഞ്ഞതനുസരിച്ച്‌ അവർ ഒരു വീഡിയോ ചെയ്യുകയായിരുന്നു.

വിഷ്ണുപ്രിയ ചെയ്ത വീഡിയോ വാട്സാപ്‌ ഗ്രൂപുകളിൽ അതിവേഗം പടർന്നു. കണ്ടവർ കണ്ടവർ വീഡിയോ ഷെയർ ചെയ്തു. അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ട്‌ അനാഥരായ കുട്ടികളുടെ വാക്കുകൾ ടി സിദ്ധിഖ്‌ എം.എൽ.യുടെ മുന്നിലെത്താൻ വേണ്ടി നടത്തിയ ഷെയറുകൾ ഒടുവിൽ കോൺഗ്രസ്‌ പ്രവർത്തകർ ടി സിദ്ധിഖിനെ കാണിച്ചു. നമ്മുടെ മണ്ഡലത്തിൽ അല്ല എന്ന് പറഞ്ഞപ്പോൾ അതൊന്നും നോക്കേണ്ടതില്ല. അടിയന്തിരമായി ആ കുട്ടികളുടെ ആവശ്യത്തിനു പരിഹാരം കാണണം എന്ന് അദ്ദേഹം പറയുകയും ചെയ്തു.

ടി സിദ്ധിഖ്‌ എം.എൽ.എയുടെ ഹെൽപ്‌ ഡസ്‌കിലേക്ക്‌ അദ്ദേഹം അപ്പോൾ തന്നെ വിളിക്കുകയും അടിയന്തിരമായി വിഷയത്തിൽ ഇടപെടാൻ നിർദ്ദേശിക്കുകയും ചെയ്തു. വീഡിയോ കണ്ട്‌ 24 മണിക്കൂറിനുള്ളിൽ ഹെൽപ്‌ ഡസ്ക്‌ ആ കുട്ടികളുടെ ആവശ്യത്തിനു വേണ്ടി ഇടപെടുകയും ടി സിദ്ധിഖ്‌ എം.എൽ.എയുടെ ആവശ്യപ്രകാരം കുട്ടികളെ വീട്ടിലേക്ക്‌ ക്ഷണിക്കുകയും ചെയ്തു.

പ്രാദേശിക നേതാവ്‌ ശ്രീ കെ കുട്ടികളുമായി കൽപ്പറ്റയിലെ എം.എൽ.എയുടെ വീട്ടിലെത്തുമ്പോൾ എം.എൽ.എ ടിവിയുമായി കുട്ടികളെ കാത്ത്‌ നിൽപ്പുണ്ടായിരുന്നു.

വീട്ടിലെത്തിയ കുട്ടികളോട്‌ അവരുടെ വിഷമങ്ങളൊക്കെ ചോദിച്ചറിയുകയും അമ്മയുടെ വിയോഗത്തിൽ തളർന്ന കുട്ടികളെ ആശ്വസിപ്പിക്കുകയും വീണ്ടും എന്ത്‌ ആവശ്യങ്ങൾക്കും വിളിക്കാമെന്ന് ഉറപ്പ്‌ നൽകുകയും ചെയ്തു. ആ കുട്ടികളെ ചേർത്ത്‌ നിർത്തി എം.എൽ.എ ഹെൽപ്‌ ഡസ്കിന്റെ ഒരു കിറ്റും നൽകി ടി സിദ്ധിഖ്‌ എം.എൽ.എ അവരെ പറഞ്ഞ്‌ വിടുമ്പോൾ വിഷ്ണുപ്രിയയുടെ കണ്ണു നിറഞ്ഞിരുന്നു.

"ഞങ്ങൾക്ക്‌ ടിവി തന്ന സിദ്ധിഖ്‌ മാമനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കും.." എന്ന് സന്തോഷത്തിന്റെ കണ്ണുനീരിൽ ചാലിച്ച്‌ പറഞ്ഞ്‌ വിഷ്ണു പ്രിയ എന്ന പന്ത്രണ്ടുകാരിയും സഹോദരങ്ങളും വീടിന്റെ പടി ഇറങ്ങുമ്പോൾ കണ്ട്‌ നിന്നവരുടെ കണ്ണും നിറഞ്ഞു.

എം.എൽ.എ ഹെൽപ്‌ ഡസ്കിന്റെ ഭാഗമായി മെമ്പർമാരായ സാലി‌ റാട്ടക്കൊല്ലി, പി കബീർ, വി നൗഷാദ്‌, ഡിന്റൊ എന്നിവർ നന്മ നിറഞ്ഞ പ്രവർത്തത്തിന്റെ ഭാഗമായി.

t sidiq mla
Advertisment