ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം..! ഇനിയുമെത്ര പേർ?’; ഐ ഫോണ്‍ വിവാദത്തില്‍ ടി സിദ്ദിഖിന്റെ കുറിപ്പ് ശ്രദ്ധേയം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

തിരുവനന്തപുരം: വീണ്ടും ഐഫോൺ വിഷയം സിപിഎമ്മിന് തലവേദനയാവുകയാണ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.

ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്.

1.13 ലക്ഷം രൂപയായിരുന്നു വില. കോൺസൽ ജനറലിന് നൽകിയെന്ന് അവകാശപ്പെടുന്ന ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളെല്ലാം പരിഹാസവുമായി രംഗത്തെത്തി.

സിദ്ദിഖിന്റെ കുറിപ്പ് ഇങ്ങനെ:

‘വമ്പൻ സ്രാവുകൾ പുറത്ത് വരാനുണ്ട് ‘സാമ്പത്തിക കുറ്റവിചാരണ കോടതി സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വിവാദ പരാമർശം ആയിരുന്നു ഇത്. അന്നതൊരു അതിശയോക്തിയായി തോന്നിയിരുന്നു,

പക്ഷെ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ പരാമർശം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്.ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം..ഇനിയുമെത്ര പേർ?’ അദ്ദേഹം കുറിച്ചു

×