ആഗ്രയില്‍ കനത്ത കാറ്റ്: മണിക്കൂറില്‍ 123 കി.മി വേഗതയില്‍ വീശിയ കാറ്റില്‍ താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു വീണു; മരം വീണ് മൂന്നു പേര്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, May 31, 2020

ഡൽഹി : ആഗ്രയിലുണ്ടായ ശക്തമായ കാറ്റിൽ മൂന്നു പേർ മരിച്ചു. താജ്മഹലിന് ചെറിയ കേടുപാടു സംഭവിച്ചു. താജ് മഹലിന്റെ പിന്നിൽ യമുനയുടെ ഭാഗത്ത് മാർബിൾ മതിലിന്റെ മുകളിലെ ചില പാളികൾ അടർന്നു വീണു. താജ്മഹലിൽ പ്രവേശിക്കുന്നതിന് പടിഞ്ഞാറു ഭാഗത്തുള്ള ഗേറ്റിനും ചില കേടുപാടുകൾ പറ്റി. ഇരുന്നൂറോളം വൃക്ഷങ്ങൾ കാറ്റിൽ വീണു.

മരങ്ങളുടെ അടിയില്‍പെട്ടാണു മൂന്നു പേർ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റ 25 പേർക്കു സൗജന്യ ചികിത്സ നൽകാനും ഉത്തരവായി. മണിക്കൂറിൽ 123 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞു വീശിയത്.

2018–ലും രണ്ടു തവണ ഇതു പോലെ കാറ്റിൽ താജ്മഹലിന് ചെറിയ കേടുപാടുകൾ പറ്റിയിരുന്നു. ആർക്കിയോളജി ഡയറക്ടർ ജനറൽ വി.വിദ്യാർഥി താജ് മഹലിലെ നാശനഷ്ടങ്ങൾ പരിശോധിക്കാെനത്തി. 20 ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു.

×