സീറ്റ് വിഭജന ചര്‍ച്ചയില്‍ ഡിഎംകെ മോശമായി പെരുമാറി; ഉമ്മന്‍ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു: വികാരാധീനനായി കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ എസ് അഴഗിരി

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, March 6, 2021

ചെന്നൈ: സീറ്റ് വിഭജന ചര്‍ച്ചയില്‍ ഡിഎംകെ മോശമായാണ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് (ടി.എൻ.സി.സി) അധ്യക്ഷന്‍ കെ എസ് അഴഗിരി. കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അഴഗിരി വികാരാധീനനായത്.

‘എത്ര സീറ്റ് തന്നു എന്നതിനേക്കാള്‍, മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു’- അഴഗിരി പറഞ്ഞു. വെള്ളിയാഴ്ചയാണ് ചെന്നൈയിലെ കോൺഗ്രസ് ആസ്ഥാനമായ ചെന്നൈയിലെ സത്യമൂർത്തി ഭവനിൽ ടി.എൻ.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്നത്.

മുതിർന്ന പാർട്ടി നേതാവ് വീരപ്പ മൊയ്‌ലി, ടി.എൻ.സി.സി ഇൻ ചാർജ് ദിനേഷ് ഗുണ്ഡു, അഴഗിരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. യോഗത്തിൽ ഡി.എം.കെയുമായുള്ള സീറ്റ് വിഭജന ചർച്ചകളെ പറ്റി സംസാരിക്കവെയാണ് അഴഗിരി വികാരാധീനനായത്.

വൈകീട്ട് രാഹുൽ ഗാന്ധി അഴഗിരിയെ ഫോണിൽ വിളിക്കുകയും അഭിമാനാർഹമായ എണ്ണം സീറ്റുകൾ മുന്നണിയിൽ നിന്ന് വാങ്ങിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. . കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും 20ല്‍ അധികം സീറ്റ് നല്‍കാനാകില്ലെന്നുമാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ നിരസിച്ചു.

എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം അഴഗിരി മാധ്യമങ്ങളെ കണ്ടപ്പോൾ ഡി.എം.കെയുമായുള്ള ചർച്ച പുരോഗമിക്കുകയാണ് എന്നാണ് അറിയിച്ചത്. നിലവിൽ സഖ്യകക്ഷികളായ സി.പി.ഐ, മുസ്ലിം ലീഗ്, വിടുതലൈ ചിരുത്തൈഗൾ കച്ചി, മനിതനേയ മക്കൾ കച്ചി എന്നിവയുമായുള്ള ചർച്ചകൾ ഡി.എം.കെ പൂർത്തിയാക്കിയിട്ടുണ്ട്. സി.പി.ഐ ആറും ലീഗ് മൂന്നും സീറ്റുകളിലാവും മത്സരിക്കുക. കോൺഗ്രസ്, എം.ഡി.എം.കെ, സി.പി.എം എന്നീ പാർട്ടികളുമായുള്ള ചർച്ച തുടരുകയാണ്.

×