പൗരത്വ നിയമത്തെ പിന്തുണച്ച അണ്ണാ ഡിഎംകെ തമിഴ്നാട്ടില്‍ പിടിച്ചത് പുലിവാല്‍ ! തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം. മുഖ്യമന്ത്രി പളനിസാമിയുടെ സ്വന്തം വാര്‍ഡില്‍ പോലും പരാജയം. വിജയ ചരിത്രം കുറിച്ച് സ്റ്റാലിന്റെ മുന്നേറ്റം

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, January 3, 2020

ചെന്നൈ : കഴിഞ്ഞ നാലഞ്ചു ദശകങ്ങളായി തമിഴ്നാട് രാഷ്ട്രീയത്തില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ എം.കരുണാനിധിയുടെയും ജയലളിതയുടെയും മരണശേഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡി എം കെയ്ക്ക് വന്‍ മുന്നേറ്റം.

515 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 237 ഇടങ്ങളിലും, 5067 പഞ്ചായത്ത് വാർഡുകളിൽ 2285 ഇടത്തും ഡിഎംകെ വിജയ൦ നേടി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നാടായ എടപ്പാടി വാര്‍ഡിൽ അടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഗൂഡല്ലൂർ ജില്ലാ പഞ്ചായത്തിലേക്ക് ഒപ്പത്തിനൊപ്പം പോരാട്ടമാണ്നടക്കുന്നത്.

തമിഴ്‌നാടിന്‍റെ ചരിത്രത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നേട്ടം ഭരണകക്ഷിക്ക് അനുകൂലമാകുന്നതാണ് പതിവ്. അത് പ്രതീക്ഷിച്ച് അത്ര ഉത്സാഹത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ പ്രതിപക്ഷം നേട്ടം കൊയ്തുവെന്നതാണ് ശ്രദ്ധേയം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ വൻ വിജയത്തിനു ശേഷം ഇത് പ്രതിപക്ഷത്തിന് വര്‍ദ്ധിത ഊര്‍ജ്ജമാണ് സമ്മാനിക്കുന്നത്. എന്നാല്‍ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനായിരുന്നു മേല്‍ക്കൈ.

തെരഞ്ഞെടുപ്പ് പരാജയം പൗരത്വ നിയമ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച അണ്ണാ ഡി എം കെയ്ക്ക് ഏറ്റ രാഷ്ട്രീയ തിരിച്ചടിയായി ആ പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ജനവിധിയെ മാനിക്കുന്നതായി ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വം പ്രതികരിച്ചു.

അതേസമയം പൗരത്വ വിഷയത്തില്‍ കേരള മോഡലില്‍ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കണമെന്ന ആവശ്യം ഡി എം കെ ഉയര്‍ത്തിയിട്ടുണ്ട് . ഈ ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

×