ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് പതിനെട്ടു വര്‍ഷം മുൻപ് വീട്ടാനുള്ള കടം വീട്ടി തമിഴ്നാട് സർക്കാർ ;  കുടിശിക സഹിതം നല്‍കാനുണ്ടായിരുന്നത് 1.67 കോടി രൂപ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 23, 2019

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് പതിനെട്ടു വര്‍ഷം മുൻപ് വീട്ടാനുള്ള കടം വീട്ടി തമിഴ്നാട് സർക്കാർ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നഷ്ട പരിഹാരമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരുന്ന അലവന്‍സാണ് കുടിശിക സഹിതം 1.67 കോടി രൂപയാണ് അനുവദിച്ചത്.

ഈ ഭൂമിക്ക് നഷ്ടപരിഹാരം 2000 മുതല്‍ മുടങ്ങിയിരുന്നു. ഇത് ആവശ്യപ്പെട്ട് പത്മനാഭസ്വാമിക്ഷേത്ര അധികാരികള്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. രതീശനുമാണ് ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടത്. അടുത്തിടെ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കെടുത്തിരുന്നു.

ആ യോഗത്തില്‍ പത്മനാഭക്ഷേത്രവക ഭൂമികള്‍ക്ക് 2000 മുതല്‍ ലഭിക്കേണ്ടയിരുന്ന അലവന്‍സുകളുടെ വിശദമായ കണക്ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.കണക്ക് പ്രകാരം 1.67 കോടി രൂപയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിക്കാനുണ്ടായിരുന്നത്.

×