നജീബിനും സംഘത്തിനും ഇനി ക്വാറന്റീൻ; ടീം ആടുജീവിതം നാട്ടിലെത്തി; ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ

ഫിലിം ഡസ്ക്
Saturday, May 23, 2020

ആടുജീവിതം ടീം നാട്ടിലെത്തി. കൊവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാരണം തിരികെ നാട്ടിലേക്ക് വരാൻ കഴിയാതെ ഷൂട്ടിങ് സംഘം ജോർദാനിൽ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടങ്ങുന്ന 58 അംഗ സംഘം നാട്ടിലെത്തി.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവർ എത്തിയത്. ആടുജീവിതത്തിന്റെ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും.

ആരോഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്. തിരുവല്ലയിലെ വീട്ടിലാകും ബ്ലെസ്സി ക്വാറന്റീനിലാകുക. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. താൻ തിരികെയെത്തിയ ചിത്രം പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഓഫ് ടു ക്വാറന്റ്റീൻ ഇൻ സ്റ്റൈൽ എന്ന ഹാഷ്‌ടാഗോടു കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 58 അംഗ സംഘമാണ് ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഫെബ്രുവരി 29 നാണ് പൃഥ്വിയുൾപ്പെടുന്ന സംഘം ജോർദാനിലേക്ക് തിരിച്ചത്.

×