ടെക്‌സസില്‍ ഓഫീസുകളും ഫാക്ടറികളും ജിമ്മും തുറന്നു. പ്രവര്‍ത്തനം ഭാഗികമായി

പി പി ചെറിയാന്‍
Tuesday, May 19, 2020

യുഎസ് / ഓസ്റ്റിന്‍ : രണ്ടു മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ജിമ്മുകളും ഓഫീസുകളും ഫാക്ടറികളും മേയ് 18 മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കും.

ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ 5 പേരോ അഥവാ വര്‍ക്ക് ഫോഴ്‌സിന്റെ 25 ശതമാനമോ തൊഴിലാളികള്‍ക്കു മാത്രമേ പ്രവേശനാനുമതി ഉണ്ടാകൂ.

ഇതു സംബന്ധിച്ചു ഉത്തരവ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിഡിസി ഗൈഡ് ലൈന്‍സ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും പാലിച്ചു കൊണ്ടായിരിക്കണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശുചിത്വവും മാസ്ക്കും ധരിക്കണമെന്നും ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.

ഫാക്ടറികളിലും 25 ശതമാനം ജീവനക്കാരെയാണ് അനുവദിച്ചിരിക്കുന്നത്. ജിമ്മും, എക്‌സര്‍സൈസ് ഫെസിലിറ്റികളും 25 ശതമാനം പ്രവര്‍ത്തന ക്ഷമമാക്കുമെങ്കിലും ലോക്കേഴ്‌സും (Lockers) ഷവേഴ്‌സും (Showers) അടച്ചിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ബാര്‍ബര്‍ ഷോപ്പ്, സലൂണ്‍, ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്വിമ്മിങ് പൂള്‍ എന്നിവയും 25 ശതമാനം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.റീട്ടെയ്ല്‍ സ്റ്റോര്‍, മാളുകള്‍, മൂവി തിയേറ്ററുകള്‍ എന്നിവയും 25% തുറന്നു പ്രവര്‍ത്തിക്കും.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് പോലെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുകയില്ലെങ്കിലും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടമായി 50% പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഉത്തരവ് ഉടനെയുണ്ടാകുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

×