ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയുക; കേന്ദ്രത്തോട് രാഹുൽ ഗാന്ധി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 29, 2020

ഡൽഹി: ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണമെന്ന് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകർച്ചവ്യാധിയോട് ഇന്ത്യ പോരാടുമ്പോൾ ഈ വിഷയത്തിൽ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

‘ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ കുറിച്ചുള്ള സർക്കാരിന്റെ നിശബ്ദത പ്രതിസന്ധി ഘട്ടത്തിൽ ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണം’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഈ നിർണായക ഘട്ടത്തിൽ സുതാര്യത ആവശ്യമാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി ചൊവ്വാഴ്ച സമാനമായ അഭ്യർഥനകൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ഞങ്ങൾ വ്യത്യസ്ത കഥകൾ കേൾക്കുന്നു. ഞാൻ ഊഹിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ കേന്ദ്ര സർക്കാർ ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് മനസിലാക്കാനും ശരിയായ വ്യക്തമായ നിലപാട് സ്വീകരിക്കാനും കഴിയും’– അദ്ദേഹം പറഞ്ഞു.

×