കണ്ണൂർ: പയ്യന്നൂരിൽ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട കമ്മിറ്റി. പരാതി ഉന്നയിച്ച സുനിതയുടെ വീട്ടിലെത്തി കമ്മിറ്റി അംഗങ്ങൾ ഖേദം അറിയിച്ചു. ക്ഷേത്രത്തിലെ ആചാരക്കാരന് സംഭവിച്ച വീഴ്ചയാണെന്ന് അംഗങ്ങൾ സുനിതയോട് പറഞ്ഞു. സുനിതയുടെ വീൽ ചെയർ ആചാരക്കാരൻ വാഹനമായി കണ്ടാണ് അനുമതി നൽകാതിരുന്നത്. ആചാരക്കാരന് സംഭവിച്ച വീഴ്ചയായി കമ്മറ്റി കാണുന്നുവെന്നും അവർ വ്യക്തമാക്കി.
എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയാണ് പരാതി ഉന്നയിച്ചത്. പയ്യന്നൂർ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരൻ തന്നോട് വിവേചനം കാണിച്ചുവെന്നായിരുന്നു സുനിതയുടെ പരാതി. വെളളിയാഴ്ച്ചയായിരുന്നു സംഭവം. വീൽചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും സുനിതയെ വിലക്കുകയായിരുന്നു. തനിക്ക് നേരിട്ട ഈ വിവേചനം ഒട്ടും അംഗീകരിക്കാനാകുന്നില്ല എന്നും ദുർബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്നും സുനിത പ്രതികരിച്ചിരുന്നു.
എല്ലുകൾ പൊടിയുന്ന എസ്എംഎ രോഗം ബാധിച്ച് ശരീരം തളർന്ന വ്യക്തിയാണ് സുനിത. പിജി വരെ പഠിച്ചു. നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേർന്ന് ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുകയാണ് ഇവർ.