കൊല്ലം: ശനിയാഴ്ച തീപിടിത്തമുണ്ടായ മുളങ്കാടകം ദേവീക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന് മുന്നിലെ വലിയ വഞ്ചിയും വടക്കുഭാഗത്തെ ഉപപ്രതിഷ്ഠയ്ക്ക് മുന്നിലെ വഞ്ചിയും തകർത്താണ് പണം കവർന്നത്. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.
/sathyam/media/post_attachments/5DciNGlKPulmQQjU0v8Q.jpg)
വഞ്ചിയിലെ നോട്ടുകൾ എടുത്തശേഷം നാണയങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. കള്ളന്റെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് വന്നതെന്ന് സംശയിക്കുന്ന സൈക്കിൾ ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തി.
ബുധനാഴ്ച രാവിലെ ക്ഷേത്ര വാതിൽ തുറന്നുകിടക്കുന്നത് കണ്ട സുരക്ഷാ ജീവനക്കാരനാണ് പൊലീസിൽ വിവരം അറിയിച്ചത്. വെസ്റ്റ് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. എ സി പി എ പ്രദീപ് കുമാർ ക്ഷേത്രത്തിലെത്തിയിരുന്നു.
സി സി ടി വി ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റിലൂടെ മേൽക്കൂരയിലെത്തി ഓടിളക്കിയാണ് കള്ളൻ ക്ഷേത്രത്തിനുള്ളിൽ കടന്നതെന്ന് പൊലീസ് സംശയിക്കുന്നു. അകത്തുകടന്ന ഉടൻ തന്നെ മോഷ്ടാവ് ക്യാമറകളുടെ ബന്ധം വിച്ഛേദിച്ചു. ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന മൂന്ന് ക്യാമറകളും തകർക്കുകയും ചെയ്തു. വഞ്ചികൾ തകർത്തശേഷം ഓഫീസ് മുറിയുടെ പൂട്ട് തകർക്കാനും ശ്രമം നടത്തിയിട്ടുണ്ട്.
പുറത്തെ ക്യാമറകളിൽനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ദൃശ്യങ്ങളിൽ ആളിനെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. എന്നാൽ ഇതുപയോഗിച്ച് പ്രതിയെ പിടിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മാസങ്ങൾക്ക് മുൻപും മുളങ്കാടകം ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
വഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. അന്നും പൂട്ടു തുറക്കാതെയാണ് മോഷ്ടാവ് ഉള്ളിൽക്കടന്നത്. സി സി ടി വി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. അന്നത്തെ അതേ മോഷ്ടാവ് തന്നെയാണ് ഇപ്പോഴും മോഷണം നടത്തിയതെന്ന സംശയമാണ് പൊലീസിനുള്ളത്. പരിശോധനയിൽ കള്ളന്റേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്.
ഈ മാസം 23ന് പുലർച്ചെ ക്ഷേത്രത്തിൽ വൻ അഗ്നിബാധയുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ വേതാളിപുറവും മുൻഭാഗവും കത്തിനശിച്ചിരുന്നു. ഇതിനും മൂന്നാഴ്ച മുൻപാണ് ക്ഷേത്രത്തിൽ ആദ്യ മോഷണം നടന്നത്.
അന്ന് ചെറിയ 2 വഞ്ചികളിലെ പണമാണു കവർന്നത് തീപിടിത്തത്തിന് ആദ്യമോഷണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. അതിനിടെയാണ് വീണ്ടുമൊരു മോഷണം. മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.