ഹരിതം സുന്ദരം താമരശ്ശേരി; മാലിന്യ മുക്തമാവാൻ ബൃഹത്തായ പദ്ധതിയുമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌

New Update

publive-image

Advertisment

താമരശ്ശേരി: "ഹരിതം സുന്ദരം താമരശ്ശേരി" പദ്ധതിക്ക് തുടക്കമായി, മാലിന്യ സംസ്കരണത്തിന്‌ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നു.കോഴിക്കോട്‌ ആസ്ഥാനമായുള്ള ഗ്രീൻ വേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ചാണ്‌ താമരശ്ശേരിയിൽ ശാസ്ത്രീയമായ മാലിന്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കുന്നത്‌.

ചെറിയ യൂസേഴ്സ്‌ ഫീസ്‌ ഈടാക്കി എല്ലാ വീടുകളിൽ നിന്നും മാസത്തിലൊരിക്കലും ആവശ്യാനുസരണം കടകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക്‌ ഉൾപ്പടെ അജൈവ മാലിന്യങ്ങൾ ശേഖരിക്കും.

വീടുകൾക്ക്‌ മാസം 50 രൂപയും കടകൾക്ക്‌ മാലിന്യത്തിന്റെ തോതനുസരിച്ചും യൂസേഴ്സ്‌ ഫീസ്‌ ഈടാക്കും.ബയോ മെഡിക്കൽ,സാനിറ്ററി നാപ്കിൻ,ഡയപർ ഒഴികെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിച്ച്‌ സംസ്കരിക്കാനാണ്‌ പദ്ധതി തയ്യാറാക്കിയത്‌.ഒഴിവാക്കപ്പെട്ടവ കൂടി അടുത്ത ഘട്ടത്തിൽ പരിഗണിക്കാവുന്ന രീതിയിലാണ്‌ പ്രോജക്റ്റ്‌.

ശേഖരിക്കുന്ന മാലിന്യം അതത്‌ ദിവസം തന്നെ കമ്പനിയുടെ സംസ്കരണ കേന്ദ്രത്തിലേക്ക്‌ മാറ്റും.ഇതു മൂലം വീടുകളിൽ നിന്നും കടകളിൽ നിന്നും സ്വരൂപിച്ച മാലിന്യങ്ങൾ വാർഡ്‌ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന പ്രവണത ഉണ്ടാവില്ല.

ഗുണഭോക്താക്കളുമായുള്ള ആശയ വിനിമയം കൃത്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പടെ ആധുനിക സൗകര്യങ്ങളോടെയാണ്‌ മാലിന്യ മുക്ത പദ്ധതി നടപ്പിലാക്കുന്നത്‌. വീടുകളിലും കടകളിലും ക്യു ആർ കോഡ്‌ ഉൾപ്പെടുന്ന സ്റ്റിക്കറുകൾ പതിക്കും.

കാലങ്ങളായി വലിയ വെല്ലു വിളി നേരിടുന്ന മാലിന്യ സംസ്കരണത്തിന്‌ നൂതനമായ സംവിധാനങ്ങളിലൂടെ ശാസ്ത്രീയ പരിഹാരം കാണാൻ തയ്യാറായ പഞ്ചായത്ത്‌ ഭരണ സമിതിക്ക്‌ താമരശ്ശേരി പഞ്ചായത്ത്‌ ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

പദ്ധതിയെ കുറിച്ച്‌ വിശദീകരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി പഞ്ചായത്ത്‌ ഭരണ സമിതി വിളിച്ചു ചേർത്ത, ജനപ്രതിനിധികളുടെയും, രാഷ്ട്രീയ-സാമൂഹിക-വ്യാപാര മേഖലയിലെ പ്രതിനിധികളുടെയും യോഗം കോവിഡ് പ്രോട്ടോകോൾ മാനിച്ചു വെവ്വേറെ യോഗങ്ങൾ ചേർന്നാണ് തീരുമാനമെടുത്തത്.

വിവിധ യോഗങ്ങളിൽ പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ, വൈസ് പ്രസിഡണ്ട്‌ ഖദീജ സത്താർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എ അരവിന്ദൻ, എം ടി അയ്യൂബ്ഖാൻ, മഞ്ജിത കുറ്റിയാക്കിൽ, രാഷ്ട്രീയ പ്രതിനിധികൾ ഹാഫിസ് റഹ്‌മാൻ, നവാസ് ഈർപ്പോണ, സി കെ വേണുഗോപാൽ, വി കെ അഷറഫ്, ടി ആർ ഒ കുട്ടൻ, കണ്ടിയിൽ മുഹമ്മദ്‌, കെ പി ശിവദാസൻ, പി എസ് മുഹമ്മദലി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌ അമീർ മുഹമ്മദ്‌ ഷാജി , സെക്രട്ടറി റെജി പഞ്ചായത്ത് സെക്രട്ടറി ജെയ്‌സൺ, എഎസ് ദേവദാസ്, എച്ച്ഐ ഷമീർ, ഗ്രീൻ വേർമ്സ് ഡയറക്ടർമാർ ഷമീർ ബാവ, ജാബിർ അടിവാരം എന്നിവർ സംസാരിച്ചു.

kozhikode news
Advertisment