Advertisment

ആരേയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് 'താണ്ഡവ്' അണിയറ പ്രവര്‍ത്തകര്‍ : ഒടുവിൽ മാപ്പപേക്ഷ

New Update

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നെന്ന് വിവാദമായ വെബ് സീരീസ് താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. ആമസോണ്‍ പ്രൈമിന്റെ ഒര്‍ജിനല്‍ വെബ് സീരീസായ താണ്ഡവിന് എതിരെ മതവികാരം വ്രണപ്പെടുത്തിയതിന് യുപിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം വന്നിരിക്കുന്നത്.

Advertisment

publive-image

താണ്ഡവ് തികച്ചും സാങ്കല്‍പിക കഥ മാത്രമാണെന്നും ഉള്ളടക്കത്തില്‍ മനപൂര്‍വമായി ഏതെങ്കിലും മതത്തെയോ ജാതിയേയോ രാഷ്ട്രീയ കക്ഷിയെയോ വ്യക്തിയെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ജനങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ മനസിലാക്കുകയും ആരുടെയെങ്കിലും വികാരത്തെ മനപൂര്‍വം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, സെയ്ഫ് അലി ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് എതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്റ്റേഷനിലെ തന്നെ എസ്‌ഐയാണ് പരാതി നല്‍കിയിരിക്കുന്നത്. വെബ്സീരീസിന്റെ സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ആമസോണ്‍ ഇന്ത്യ ഒര്‍ജിനല്‍ കണ്‍ഡന്റ് തലവന്‍ എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.

ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവച്ചു. 'യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരങ്ങള്‍വച്ചു കളിച്ചാല്‍ സഹിക്കില്ല. വിദ്വേഷം പരത്തുന്ന തരംതാണ വെബ്സീരീസായ താണ്ഡവിന്റെ മുഴുവന്‍ ടീമിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിനായി തയാറെടുക്കുക.' ത്രിപാഠി ട്വിറ്ററില്‍ കുറിച്ചു.

പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിപ്രകാരം വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. അതേ എപ്പിസോഡില്‍ തന്നെ പ്രധാനമന്ത്രിയായി വേഷമിടുന്നയാളും വളരെ മോശമായാണ് പെരുമാറുന്നതെന്നും പരാതിയില്‍ പറയുന്നു.

ജനുവരി15 മുതലാണ് ആമസോണ്‍ പ്രൈമിന്റെ ഒര്‍ജിനല്‍ സീരീസായ താണ്ഡവ് സ്ട്രീമിംഗ് ആരംഭിച്ചത്.സെയ്ഫ് അലി ഖാന് പുറമേ ഡിംപിള്‍ കപാടിയ, തിഗ്മാന്‍ഷു ദൂലിയ, മുഹമ്മദ് സീഷാന്‍ അയ്യൂബ്, സുനില്‍ ഗ്രോവര്‍, കുമുദ് മിശ്ര, കൃതിക കമ്ര തുടങ്ങിയ താരങ്ങളാണ് സീരീസില്‍ അഭിനയിച്ചിരിക്കുന്നത്. 9 എപ്പിസോഡുകളുള്ളതാണ് സീരീസ്. ഇന്ത്യന്‍ രാഷ്ട്രീയവും, സമകാലിക സാമൂഹിക അവസ്ഥയും പ്രമേയമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

 
Advertisment