കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ വ്യാജ വാര്‍ത്തകളെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എഡിറ്റര്‍ നിര്‍ദേശം നല്‍കിയെന്ന് ബിജെപി അധ്യക്ഷന്‍ ! സിന്ധു സൂര്യകുമാര്‍ അയച്ചതെന്ന് പറഞ്ഞ് ഇ-മെയില്‍ സന്ദേശം പുറത്തുവിട്ടു. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളിലെ എല്ലാ വിവരങ്ങളും ഗോസിപ്പുകളും വാര്‍ത്തയാക്കണമെന്ന് സന്ദേശത്തില്‍ ! കോണ്‍ഗ്രസിനെതിരായ വാര്‍ത്തകള്‍ക്ക് ഷിബുകുമാറും കമലേഷും ശ്യാംകുമാറുമടങ്ങുന്ന പ്രത്യേക ടീം ! ബിജെപി വാര്‍ത്തകള്‍ കണ്ടെത്താന്‍ സന്ദീപും ജോഷിയും ! സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണെങ്കിലും നല്‍കണമെന്ന് എഡിറ്ററുടെ നിര്‍ദേശമുണ്ടെന്നും സന്ദേശത്തില്‍. ബിജെപിയുടെ പുതിയ ആരോപണത്തില്‍ ഏഷ്യാനെറ്റ് ന്യൂസും പ്രതിക്കൂട്ടില്‍. മെയില്‍ ചോര്‍ത്തിയത് അടുത്തിടെ ചാനല്‍ വിട്ട മാധ്യമപ്രവര്‍ത്തകയെന്ന് സംശയിച്ച് സഹപ്രവര്‍ത്തകര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 15, 2021

തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കുമെതിരെ വാര്‍ത്തകളുണ്ടാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് അസി. എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ നിര്‍ദേശം നല്‍കിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം വലിയ ചര്‍ച്ചയാകുന്നു.

സിന്ധു സൂര്യ കുമാര്‍ ഇലക്ഷന്‍ സമയത്ത് നല്‍കിയ നിര്‍ദേശമെന്ന പേരിലുള്ള മെയിലും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സിപിഎമ്മിനെയും ഇടതുമുന്നണിയെയും വിട്ട് കോണ്‍ഗ്രസിനെയും ബിജെപിയും മാത്രം കേന്ദ്രീകരിച്ച് വാര്‍ത്ത ചെയ്യണമെന്നാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രന്‍ എഫ് ബി പോസ്റ്റിലൂടെ ഈ ആരോപണം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് സമയമാണ് ഇതെന്നും പാര്‍ട്ടികളുടെയും മുന്നണികളുടെയും പൊതു നിലപാടും വിലയിരുത്തലുകളും ഗോസിപ്പും ഒക്കെ വാര്‍ത്തയാക്കാനായിരുന്നു നിര്‍ദേശം. അഥവാ ഇത്തരമുള്ള വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ലെങ്കിലും നല്‍കാനും നിര്‍ദേശത്തിലുണ്ടായിരുന്നു.

ഇത്തരത്തില്‍ വാര്‍ത്ത നല്‍കാന്‍ പ്രത്യേക ടീമിനെയും സജ്ജരാക്കിയിരുന്നു. യുഡിഎഫ്, കോണ്‍ഗ്രസ് വാര്‍ത്തകള്‍ക്ക് കെആര്‍ ഷിബുകുമാര്‍, കെജി കമലേഷ്, ശ്യാംകുമാര്‍, ബിദിന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ഇവരില്‍ പലരും നിലവില്‍ യുഡിഎഫ് ബീറ്റ് നോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്.

ബിജെപി സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കെജി കമലേഷ്, സന്ദീപ്, ജോഷി കുര്യന്‍ എന്നിവരെയും ചുമതലപ്പെടുത്തിയാണ് അസി. എഡിറ്റര്‍ മെയില്‍ അയച്ചത്. തങ്ങളുടെ ബ്യൂറോയിലെ അല്ലെങ്കില്‍ റീജിയനിലെ വാര്‍ത്തക്കൊപ്പം സംസ്ഥാന തലത്തിലെ പ്രത്യേക അസൈന്‍മെന്റും ഇവര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഈ വാര്‍ത്തകള്‍ ചെയ്യാന്‍ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സഹായിക്കുമെന്നും മെയിലില്‍ പറയുന്നുണ്ട്.

ഉടന്‍ വാര്‍ത്ത നല്‍കി തുടങ്ങണമെന്നും വലിയ പ്രതീക്ഷയോടെയാണ് ഇതു ഏല്‍പ്പിക്കുന്നതെന്നും സന്ദേശത്തിലുണ്ട്. ചാനലിന്റെ എഡിറ്റര്‍ എംജി രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നടപടിയെന്നും അസി. എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ മെയിലില്‍ വിശദീകരിക്കുന്നു. ഈ മെയില്‍ പുറത്തുവിട്ടുകൊണ്ട് വലിയ വിമര്‍ശനമാണ് ബിജെപി അധ്യക്ഷന്‍ ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് സിന്ധു സൂര്യകുമാര്‍ പിണറായി വിജയന്റെ പ്രത്യേക അഭിമുഖം ചെയ്തിരുന്നു. ഏഷ്യാനെറ്റിന് ഇടതു മുന്നണിയുടെ പിആര്‍ വര്‍ക്ക് ഉണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് മറ്റു പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമെതിരെ വ്യാജമായതാണെങ്കിലും വാര്‍ത്തകള്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നുമാണ് കെ സുരേന്ദ്രന്റെ ആക്ഷേപം.

അതേസമയം ഇത്തരമൊരു മെയില്‍ അയച്ചോ ഇല്ലയോ എന്നൊന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയിട്ടില്ല. അതിനിടെ കഴിഞ്ഞയിടെ ചാനല്‍ വിട്ട ബിജെപി അനുഭാവിയായ മാധ്യമ പ്രവര്‍ത്തകയാണ് മെയില്‍ ചോര്‍ത്തിയതെന്ന സംശയവും ശക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പാണ് ഇവര്‍ ചാനല്‍ വിട്ടത്.

×