തിരുവനന്തപുരം

മരംമുറിയില്‍ മുന്നണിയില്‍ തങ്ങളെ ഒറ്റപ്പെടുത്തിയെന്ന വികാരത്തില്‍ സിപിഐ ! ഒന്നിച്ചെടുത്ത തീരുമാനത്തില്‍ സിപിഎം കൂടെ നിന്നു കാലുവാരി ! ചന്ദ്രശേഖരനെ പ്രതിക്കൂട്ടിലാക്കിയിട്ടും സിപിഎം ഇടപെട്ടില്ലെന്നും സിപിഐയുടെ പരാതി. സൈബര്‍ സഖാക്കളും കൂടെ നിന്നില്ല ! കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ സിപിഎമ്മിനെ പിന്തുണയ്‌ക്കേണ്ടെന്നും സിപിഐയില്‍ ധാരണ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, July 8, 2021

തിരുവനന്തപുരം: മുട്ടില്‍ മരം മുറി വിവാദത്തില്‍ പ്രതിസന്ധിയിലായ തങ്ങളെ പിന്തുണയ്ക്കാത്ത സിപിഎമ്മിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പ്രതിരോധത്തിലാക്കണമെന്ന് സിപിഐയില്‍ ധാരണ. മരംമുറി വിവാദത്തില്‍ മുന്‍ റവന്യൂമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിട്ടും അതില്‍ ഇടപെടാത്ത സിപിഎം നയമാണ് സിപിഐയെ ചൊടിപ്പിച്ചത്. സിപിഐ നേതാക്കള്‍ അഴിമതി കാട്ടിയെന്ന മട്ടിലാണ് ചില നേതാക്കളുടെ പ്രതികരണമെന്നും സിപിഐ നേതാക്കള്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് റവന്യൂപട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനായി സര്‍വകക്ഷി യോഗവും ചേര്‍ന്നിരുന്നു എന്നാല്‍ പഴി മുഴുവന്‍ സിപിഐക്കും പഴയ റവന്യൂ മന്ത്രിക്കുമെന്നതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്.

മരംമുറി ഉത്തരവില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്വമാണെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം സിപിഐ നേതൃയോഗത്തില്‍ ചര്‍ച്ചയായിരുന്നു. സിപിഎം തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി വിരട്ടി നിര്‍ത്താനാണ് ഈ വിവാദത്തെ ഉപയോഗിച്ചതെന്നും സിപിഐ വിലയിരുത്തുന്നുണ്ട്.

സിപിഎം നേരിടുന്ന ഏത് വിവാദത്തിലും സൈബര്‍ ഇടങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി അണികള്‍ രംഗത്തു വരാറുണ്ട്. എന്നാല്‍ മരംമുറി വിവാദത്തില്‍ സിപിഐക്കെതിരെ വന്ന പ്രചരണങ്ങളില്‍ നേതൃത്വം മൗനം പൂണ്ടു എന്നാണ് സിപിഐക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അമര്‍ഷം. മൗനം മാത്രമല്ല മറിച്ച് ചില പ്രചാരണങ്ങള്‍ക്ക് ചില സിപിഎം സൈബര്‍ പോരാളികള്‍ മുന്നിട്ടിറങ്ങിയെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

ഇതാണ് ഈ വിഷയത്തില്‍ തങ്ങളെ പ്രതിരോധത്തിലാക്കി ഒറ്റപ്പെടുത്താനുള്ള ശ്രമമാണോ സിപിഎം നടത്തുന്നതെന്ന സംശയത്തിലേക്ക് സിപിഐയെ എത്തിച്ചത്. സിപിഎം പ്രതിരോധത്തിലായ സ്വര്‍ണക്കടത്ത് കേസില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയട്ടെ എന്ന നിലപാടിലേക്ക് സിപിഐയെ എത്തിച്ചതും ഇതാണ്. മുന്നണി ബന്ധത്തിന്റെ പേരില്‍ സ്വര്‍ണക്കടത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സിപിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

×