കേരളം

അഞ്ചു കുട്ടികളുണ്ടോ ? വമ്പന്‍ ഓഫറുമായി പാലാ രൂപത ! അഞ്ചുകുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപയുടെ സാമ്പത്തിക സഹായം രൂപത നല്‍കും. നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ്. ജോസഫ് എന്‍ജിനീയറിങ് കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ! നാലാമത്തെ കുട്ടി മുതല്‍ എല്ലാ പ്രസവ ചിലവും രൂപതയുടെ കീഴിലെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യം ! ക്രൈസ്തവരുടെ ജനസംഖ്യ കുറയുന്നെന്ന ആശങ്കകള്‍ക്കിടെ പുതിയ പ്രഖ്യാപനവുമായി പാലാ രൂപത. സഭയുടെ പ്രഖ്യാപനം കേട്ട് കുട്ടികളെ കൂട്ടിയാല്‍ കുഴപ്പത്തിലാകുമോ ? ചില അനുഭവങ്ങള്‍ അങ്ങനെയുമുണ്ട്

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, July 26, 2021

കോട്ടയം: കുടുംബ വര്‍ഷം 2012ന്റെ ഭാഗമായി കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭയുടെ പാലാ രൂപത. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ വീതം പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് രൂപതയുടെ പ്രഖ്യാപനം.

ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ ചൂണ്ടച്ചേരി സെന്റ്. ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നുണ്ട്.

കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ രൂപതയുടെ കീഴിലെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പ്രഖ്യാപനത്തിലുണ്ട്.

ക്രൈസ്തവരുടെ ഇടയില്‍ ജനസംഖ്യാ നിയന്ത്രണമുണ്ടെന്ന ആക്ഷേപം നാളുകളായി പല രൂപതകളും മെത്രാന്‍മാരും ഉന്നയിച്ചുവന്നിരുന്നതാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ ക്രൈസ്തവര്‍ വിശേഷിച്ച് കത്തോലിക്കര്‍ ജനസംഖ്യാ വര്‍ധനവിന് സന്നദ്ധരാകണമെന്ന ആഹ്വാനങ്ങള്‍ വിവിധ ക്രൈസ്തവ ഗ്രൂപ്പുകള്‍ കുറച്ച് കാലമായി നടത്തുന്നുണ്ടായിരുന്നു. സാമൂഹ്യമാധ്യങ്ങളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും സജീവമായിരുന്നു.

ഇതിനു പിന്നാലെയാണ് ജനസംഖ്യാ വര്‍ധനവിനായി പാലാ രൂപത പരസ്യമായി ആഹ്വാനം ചെയ്യുന്നത്. അതിനിടെ 15 വര്‍ഷം മുമ്പ് സീറോ മലബാര്‍ സഭ ഇതേ രീതിയില്‍ ചില പ്രഖ്യാപനങ്ങള്‍ ജനസംഖ്യാ വര്‍ധനവിനു വേണ്ടി നടത്തിയിരുന്നു. അന്നു മൂന്നു കുട്ടികള്‍ ഉള്ളവരില്‍ അവരുടെ മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസ ചിലവുകള്‍ സഭയുടെ സ്കൂളുകളില്‍ സൗജന്യമായിരിക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ ഇതനുസരിച്ച് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയ മാതാപിതാക്കളോട് അധികൃതര്‍ ഈ വാഗ്ദാനത്തെ കുറിച്ച് കൈമലര്‍ത്തിയ പാരമ്പര്യവുമുണ്ട്. അതേസമയം പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ഥത കാണിക്കാറുള്ള പാലാ രൂപതയുടെ കാര്യത്തില്‍ അത്തരം വാക്കു വ്യത്യാസങ്ങള്‍ ഉണ്ടാകില്ലെന്നാണ് പൊതുവിശ്വാസം.

×