മഹാമാരി മാറിയിട്ടില്ല; മുൻകരുതലുകൾ മതിയാക്കാനായിട്ടില്ല: സൗദി ആഭ്യന്തര മന്ത്രാലയം

New Update

ജിദ്ദ: ആസൂത്രിതവും കണിശവുമായ മുൻകരുതൽ നടപടികളിലൂടെ കൊറോണാ മഹാമാരിയെ വരുതിയിലാക്കിയ സൗദി അറേബ്യയിൽ ഇപ്പോൾ ഉയർന്ന് കേൾക്കുന്നത് ഇനിയുമൊരു രോഗവ്യാപനത്തിന് ആരും ഇടയുണ്ടാക്കരുതെന്ന ആഹ്വാനങ്ങളാണ്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും ഇടയ്ക്കിടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസ് വ്യാപന കേസുകളുടെ പശ്ചാത്തലത്തിലാണ് രോഗ പ്രതിരോധ, മുൻകരുതൽ നടപടികളിൽ യാതൊരു ഉദാസീനതയും പാടില്ലെന്ന അധികൃതരുടെ കണിശമായ ബോധവൽക്ക രണവും തതനുസൃത നടപടികളും.

Advertisment

publive-image

കൊറോണ സംബന്ധിച്ച പ്രതിരോധ, മുൻകരുതൽ നടപടികളിൽ അലംഭാവം വരുത്തുന്നത് സംബന്ധിച്ച് ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം പൊതുസമൂഹത്തെ ബോധവാന്മാരാക്കിയത്. വീഴ്ച വരുത്തുന്നവർക്കുള്ള ശിക്ഷാ നടപടികൾ നിലനിൽക്കുന്നതായും മന്ത്രാലയം ഓർമപ്പെടുത്തി.  സ്ഥാപനങ്ങൾക്കും അതിന്റെ ഉത്തരവാദിത്തപെട്ടവർക്കും ആദ്യ നിയമ ലംഘന വേളയിൽ പതിനായിരം റിയാൽ വരെയാണ് പിഴയെന്നും ലംഘനം ആവർത്തിക്കപ്പെടുമ്പോൾ ശിക്ഷയും ആവർത്തിക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.

മുൻകരുതലുകളിൽ അനിവാര്യമായവ മൂക്കും വായയും മൂടുന്ന സർജിക്കൽ അല്ലെങ്കിൽ തുണികൊണ്ടുള്ള ആവരണം, ശാരീരിക അകലം പാലിക്കൽ, പൊതു - സ്വകാര്യ തൊഴിലിടങ്ങളിൽ പ്രവേശിക്കുമ്പോൾ ശാരീരിക ഊഷ്മാവ് നിരീക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തൽ എന്നിവയാണ്. ശാരീരിക ഊഷ്മാവ് 38 ഡിഗ്രി കടന്നാൽ സാധാരണസ്ഥിതി അല്ലാതെയാവും. കൊറോണാ പ്രോട്ടോകോൾ പ്രകാരമാവും തുടർന്ന് ഇടപെടൽ.

ഒരിക്കൽ പൊതുസമൂഹം ഒന്നിച്ച് നിന്ന് കീഴ്‌പ്പെടുത്തി കൊണ്ടിരുന്ന മഹാമാരിയെ വീണ്ടും സമൂഹത്തിൽ അഴിഞ്ഞാടുന്നതിന് ആരും വഴി വെക്കരുതെന്ന് കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രിയും ജനങ്ങളെ ഉണർത്തിയിരുന്നു. കൊറോണാ മുന്കരുതലുകളിൽ അലംഭാവം പാടില്ലെന്നും അല്ലായെങ്കിൽ ഇല്ലാതാവുന്ന കൊറോണാ വ്യാപനം വീണ്ടും ഭീഷണിയായി പടരുമെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇയ്യിടെയായി കൊറോണാ കേസുകളിൽ കാണുന്ന വർദ്ധനവ് അവലോകനം ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ ഉപദേശം.

അതേസമയം, യു എ ഇ പോലുള്ള മറ്റു ഗൾഫ് രാജ്യങ്ങളും കൊറോണയുടെ കാര്യത്തിൽ പുതുതായി കൂടുതൽ ജാഗരൂഗരായിക്കൊണ്ടിരിക്കുകയാണ്. സൗദിയിൽ തന്നെ, കിഴക്കൻ മേഖലയിൽ ഇക്കാര്യത്തിൽ പ്രത്യേക നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗൾഫിനു പുറത്തു ഏതാനും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടയുള്ള സ്ഥലങ്ങളിലും കൊറോണാ ജാഗ്രതയും പ്രോട്ടോകോൾ പാലനവും മുൻകരുതൽ കൈക്കൊള്ളലും ശക്തമാക്കി കൊണ്ടിരിക്കുക യാണെന്നതാണ് ഏറ്റവും പുതിയ അവസ്ഥാ വിശേഷം.

Advertisment