Advertisment

സ്വപ്നയുടെ രഹസ്യമൊഴിയിൽ സർക്കാർ കുരുക്കിലേക്ക് ! ആരോപണങ്ങളിൽ സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിൽ. നിയമപരമായും രാഷ്ട്രീയമായും മറുപടി പറയാൻ പിണറായി നിർബന്ധിതൻ. ജയിൽ വകുപ്പിൻ്റെ വഴിവിട്ട ഇടപെടലെന്ന ആരോപണവും സർക്കാരിന് തിരിച്ചടി ! കേന്ദ്ര ഏജൻസികൾക്കെതിരായ വിമർശനം കടുപ്പിക്കാൻ സിപിഎം. ഉന്നതരെ താറടിക്കാൻ ബിജെപിയുടെ ആയുധമായി കേന്ദ്ര ഏജൻസികൾ മാറുന്നുവെന്നും സിപിഎമ്മിൻ്റെ വാദം. വിവാദത്തിൽ കരുതലോടെ ഇടപെടാൻ പ്രതിപക്ഷ തീരുമാനം

New Update

publive-image

Advertisment

കൊച്ചി: മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള വെളിപ്പെടത്തലുകളുള്ള കസ്റ്റംസിന്‍റെ സത്യവാങ്മൂലം സര്‍ക്കാരിന് വന്‍പ്രതിസന്ധിയാകും. രണ്ടു മാസം മുമ്പ് അന്തരീക്ഷത്തിൽ മാത്രം ചർച്ചയായ കേസ് ഇനി നിയമപരമായും ചർച്ചയാകുകയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാനാകും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുക.

ഇതിനു പുറമെ ജയില്‍വകുപ്പിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് വേണ്ടി വഴിവിട്ട ഇടപെടലാണ് ജയിൽ വകുപ്പ് നടത്തിയതെന്ന ആക്ഷേപവും ശക്തമായി കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് കൃത്യം ഒരുമാസം മാത്രം അവശേഷിക്കെയാണ് കസ്റ്റംസിന്‍റെ ഭാഗത്തു നിന്നുള്ള നിര്‍ണായക നീക്കം വന്നിരിക്കുന്നത്. മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് ഡോളര്‍ കടത്തു കേസില്‍ പങ്കുണ്ടെന്നും സ്വപനാ സുരേഷിന്‍റെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നുമാണ് കസ്റ്റംസ് ഹൈക്കോടിയെ അറിയിച്ചിരിക്കുന്നത്.

ഉന്നതര്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണി ഉണ്ടെന്നും കസ്റ്റംസ് പറയുന്നു. രാഷ്ട്രീയമായി ഇതിന് മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്.

ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണത്തിനെതിരെ അതിശക്തമായി തിരിച്ചടിക്കുക എന്നതാവും സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും നീക്കം. അന്വേഷണ ഏജന്‍സികളെ ആയുധമായി ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സര്‍ക്കാരും വേട്ടയാടാന്‍ശ്രമിക്കുന്നു, ഉന്നതരെ താറടിക്കുന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികളെയും അട്ടിമറിക്കുന്നു എന്നീ വാദങ്ങളാകും മുന്നോട്ട് വെക്കുക.

അതോടൊപ്പം നിയമപരമായി ഇതിനെ നേരിടനെന്തെങ്കിലും വഴിയുണ്ടോ എന്നും സര്‍ക്കാര്‍ ആലോചിക്കും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നീങ്ങുമ്പോള്‍ പഴുതടച്ച നടപടികള്‍ വേണമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്.

അതേ സമയം പ്രതിപക്ഷത്തിന്‍റെ കൈയ്യിലെ മൂര്‍ച്ചയുള്ള ആയുധമായി കസ്റ്റംസിന്‍റെ സത്യവാങ്മൂലം മാറിക്കഴിഞ്ഞു. ആദ്യ പ്രതികരണങ്ങളിൽ പ്രതിപക്ഷം ഇപ്പോൾ ഈ സത്യവാങ്മൂലം പുറത്തുവന്നതിൽ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ സജീവമായ ഇടതു- ബിജെപി ബന്ധം കൂടുതൽ ചർച്ചയാകാതിരിക്കാനാണോ ഈ വാർത്തയെന്നും ചില യുഡിഎഫ് നേതാക്കൾക്ക് സംശയമുണ്ട്.

അതു കൊണ്ട് തന്നെ വേഗത്തിൽ ഇതിലൊരു അഭിപ്രായ പ്രകടനം വേണ്ടെന്നു പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്. സിപിഎം - ബിജെപി രഹസ്യ ധാരണയ്ക്ക് ഈയൊരു വിഷയത്തെ ആധാരമാക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്നും യുഡിഎഫ് പറയുന്നു.

എന്നാൽ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തിന്‍റെ വാദങ്ങളെയും താറടിച്ചുകാണിക്കുകയാവും സിപിഎമ്മിൻ്റെ മറുമരുന്ന്. അതോടൊപ്പം സ്വപ്നയുടെ ജയിലെ സുരക്ഷിതതത്വം സംബന്ധിച്ച ആശങ്കകള്‍ക്ക് ജയില്‍ വകുപ്പിനെക്കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് ശക്തമായ മറുപടികൊടുക്കുന്നതും സർക്കാർ പരിഗണിക്കും.

അതേ സമയം രഹസ്യമൊഴിയിലെ വിവരങ്ങൾ പുറത്തുവന്നതോടെ കസ്റ്റംസിന് കൂടുതൽ നടപടികളിലേക്ക് നീങ്ങേണ്ടി വരും.

 

 

 

 

 

swapna suresh kochi news pinarai vijayan
Advertisment