സര്‍ക്കാര്‍ ഓഫീസ് എന്നാല്‍ ഇതുപോലെയാകണം .. മീനച്ചില്‍ പഞ്ചായത്ത് ഓഫീസിലെത്തിയാല്‍ പൊതുജനമാണ് യജമാനന്‍ ! കേരളത്തിന്‍റെ ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു മാതൃകാ സ്ഥാപനം !!

സുഭാഷ് ടി ആര്‍
Monday, January 13, 2020

പാലാ. ‘ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും’ എന്ന ക്യാപ്ഷന്‍ കേരള ചരിത്രത്തിന്‍റെ ഭാഗമായ മഹാരഥന്മാരെ വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞുവന്നതാണ്.

പക്ഷെ മഹാരഥന്മാരല്ല ചില നിസാരര്‍ വിചാരിച്ചാലും ചരിത്രം രചിക്കാം എന്നതിന് തെളിവാണ് കാര്‍ഷിക കേരളത്തിന്‍റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മീനച്ചില്‍ എന്ന പേരിലുള്ള ഇടമറ്റത്തെ ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ ഇന്നത്തെ അവസ്ഥ.

ഗ്രാമപഞ്ചായത്ത് ഭരണസിരാകേന്ദ്രങ്ങളെ ജനസൗഹൃദ സദ്ഭരണപഞ്ചായത്തുകള്‍ ആക്കി മാറ്റാനുള്ള സര്‍ക്കാര്‍ യഞ്ജം അതിന്‍റെ ശൈശവ ദശയില്‍ തന്നെ വിജയമോ പരാജയമോ എന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്.

പക്ഷെ ആ പദ്ധതിയുടെ ഭാഗമായ ഇടമറ്റത്തെ മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഇന്ന് ജനസൗഹൃദ സദ്ഭരണപഞ്ചായത്ത് ഉദ്യമത്തിന് മാത്രമല്ല കേരളത്തിലെ സിവില്‍ സര്‍വീസിനു തന്നെ മാതൃകാ കേന്ദ്രമാണ്. പുതുക്കി പണിത ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ ഘടന തന്നെ ഒരു കോര്‍പ്പറേറ്റ് ഓഫീസിനെ വെല്ലുന്നതാണ്. അതിനെയും കടത്തിവെട്ടുന്നതാണ് പൊതുജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ടുള്ള ഇവിടുത്തെ ഓഫീസ് സിസ്റ്റം.

മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും ജനപ്രതിനിധികളും തുടങ്ങി എല്ലാവരും ഊര്‍ജ്ജസ്വലരാണ്. ഒരു കാര്യം നടത്തിക്കിട്ടാന്‍ ഈ ഓഫീസ് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ പൊതുജനവും അതിലേറെ സന്തുഷ്ടരാകും. അങ്ങനെ അടിമുടി മാറിയ ഓഫീസ് സംവിധാനത്തിലും പ്രവര്‍ത്തനത്തിലും എല്ലാവരും സന്തുഷ്ടരാണ്. ഓഫീസിലെത്തുന്ന പൊതുജനങ്ങളെ അമ്പരിപ്പിയ്ക്കുന്നത് ഉദ്യോഗസ്ഥരുടെ സൗഹൃദപരമായ ഇടപെടലാണ്.

ഇവിടെ നമ്മള്‍ സംസാരിക്കുക മുഖാമുഖമാണ്

മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടമാണ്, പരിസ്ഥിതി സൗഹൃദമാണ്. തുറന്ന വിശാലമായ റിസപ്ഷന്‍ ഹാളിലെ ഏസിയുടെ കുളിര്‍മയോടൊപ്പം വരവേല്‍ക്കുന്നത് റിസപ്ഷനിലെ പുഞ്ചിരിയാണ്. മാന്യമായ പെരുമാറ്റമാണ്.

മറ്റു പഞ്ചായത്ത് ഓഫീസുകളില്‍ കാണും പോലെ റിസപ്ഷനില്‍ അകത്തിരിക്കുന്ന ആളോട് കിളിവാതില്‍ വഴി കുനിഞ്ഞു നിന്ന് സംസാരിക്കേണ്ട ഗതികേട് മീനച്ചില്‍ പഞ്ചായത്തിലില്ല.

കാരണം റിസപ്ഷന്‍ തുറന്ന ക്യാബിനാണ്.
ഓഫീസില്‍ എത്തുന്ന ഒരാള്‍ക്ക് ഓഫീസറുമായി മുഖാമുഖം സംസാരിക്കാം, രേഖകള്‍ കാണിച്ചുകൊടുക്കാം .. കൈമാറാം .. തെറ്റുണ്ടെങ്കില്‍ പറഞ്ഞു മനസിലാക്കി തിരുത്തിക്കാം .. കാരണം മറ്റു പലയിടത്തും കാണുമ്പോലെ ഉധ്യോഗസ്ഥരെയും ജനത്തെയും വേര്‍തിരിക്കുന്ന ഒരു മറയില്ല നടുവില്‍. ആ മറയില്ലായ്മയാണ് ഈ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന തത്വം.

ജനമാണ് യജമാനന്‍

മീനച്ചില്‍ പഞ്ചായത്തില്‍ പൊതുജനത്തിനാണ് പരിഗണന എന്ന് പറയുന്നത് വെറുതെയല്ല . ഓഫീസില്‍ എയര്‍കണ്ടീഷന്‍ ഒരുക്കിയിരിക്കുന്നത് സെക്രട്ടറിക്കും ഉധ്യോഗസ്തര്‍ക്കും മാത്രമല്ല , പൊതുജനം ഇരിക്കുന്ന റിസപ്ഷനിലും കൂടിയാണ്.

ശീതീകരിച്ച റിസപ്ഷന്‍ മാത്രമല്ല പൊതുജനത്തിനായി ഇരിയ്ക്കാന്‍ മുന്തിയ തരം കസേരകള്‍, കുടിയ്ക്കാന്‍ തണുപ്പിച്ചതോ ചൂടാക്കിയതോ ആയ ശുദ്ധജലം, വിരസത മാറ്റാന്‍ ടിവി. ടോയ്‌ലറ്റ് സൗകര്യം, സംഗീതം ഇവയൊക്കെ പൊതുജനങ്ങളെ അമ്പരിപ്പിച്ചേക്കും.

അതുകൊണ്ടും തീര്‍ന്നില്ല. റിസപ്ഷനില്‍ എത്തുന്ന ഓരോ ആളുകളെയും അവിടെ നടക്കുന്നതും നേരിട്ട് കാണാന്‍ പാകത്തിലാണ് പ്രസിഡന്റിന്‍റെയും സെക്രട്ടറിയുടെയും ഓഫീസ് ക്യാബിനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ റിസപ്ഷനില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വം കൂടും.

നിങ്ങള്‍ റിസപ്ഷനില്‍ എത്തിയാല്‍ അതിന്‍റെ മുന്‍പില്‍ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതില്‍ ആ പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥന്‍റെയും പേരും തസ്തികയും സെക്ഷനും അയാള്‍ അപ്പോള്‍ ഓഫീസില്‍ ഹാജരുണ്ടോ എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്.

സേവനത്തിന്‍റെ ‘മൂല്യനിര്‍ണ്ണയവും’ ഇവിടെത്തന്നെ ?

ഇതിനെല്ലാം ശേഷം പഞ്ചായത്തില്‍ എത്തി മടങ്ങാന്‍ നേരം പൊതുജനത്തിന് ഒരു ഫോറം പൂരിപ്പിക്കാന്‍ നല്‍കും. 11 ചോദ്യങ്ങളാണ് അതില്‍. ഈ ഓഫീസില്‍ നിന്നും ലഭിച്ച സേവനത്തില്‍ താങ്കള്‍ സംതൃപ്തനാണോ ?, സേവനം ലഭിക്കാന്‍ വൈകിയോ ? ഉധ്യോഗസ്തരുടെ പെരുമാറ്റത്തില്‍ താങ്കള്‍ സംതൃപ്തനാണോ … എന്ന് തുടങ്ങി പൊതുജനത്തിന് എന്ത് പറയാനുണ്ടോ അതെല്ലാം ആ ഫോറത്തില്‍ പൂരിപ്പിക്കാന്‍ ഉണ്ട്. വേറൊരു പരാതി കൊടുക്കേണ്ട ആവശ്യം ഉണ്ടാകില്ലെന്നര്‍ത്ഥം.

ഇതില്‍പ്പരം ഒരു സേവനം ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും എന്ത് ലഭിക്കാന്‍ … ?

സെക്രട്ടറി സുശീല്‍ .. ഒരു സുശീലന്‍ തന്നെ !

ഗ്രാമപഞ്ചായത്ത് ഭരണസിരാകേന്ദ്രങ്ങളെ ജനസൗഹൃദ സദ്ഭരണപഞ്ചായത്തുകള്‍ ആക്കിയശേഷമുള്ള കാഴ്ചയാണിത്. കോട്ടയം ജില്ലയിലെ എഴുപത്തൊന്ന് പഞ്ചായത്ത് ഓഫീസുകളില്‍ ഈ ഉദ്യമം പരീക്ഷിച്ചിട്ടുണ്ടെങ്കിലും മീനച്ചിലില്‍ ഉണ്ടായ വിജയം മറ്റൊരിടത്തും അവകാശപ്പെടാനില്ല.

അതിനും കാരണമുണ്ട്. ജനസൗഹൃദ സദ്ഭരണപഞ്ചായത്ത് പദ്ധതിയുടെ നടത്തിപ്പുകാരില്‍ ഒരാളായിരുന്ന ജൂനിയര്‍ സൂപ്രണ്ട് സുശീല്‍ എം ആറു മാസം മുന്‍പ് മീനച്ചില്‍ പഞ്ചായത്തിന്‍റെ സെക്രട്ടറി ആയി എത്തിയ ശേഷമാണ് കാര്യങ്ങള്‍ വേഗത്തിലായത്.

ജില്ല മുഴുവന്‍ ജനസൗഹൃദ സദ്ഭരണപഞ്ചായത്തുകളാക്കാന്‍ ഓടി നടന്ന സുശീല്‍ സ്വന്തം ഓഫീസ് അടിമുടി മാറ്റിയെടുക്കാന്‍ പ്രതിഞ്ജയെടുത്തപ്പോള്‍ അതിനു ലൈക്കടിച്ച് പ്രസിഡന്‍റ് റെനി ബിജോയിയും പ്രതിപക്ഷ നേതാവ് ബിജു സിബിയും പാര്‍ട്ടിയും മുന്നണിയും നോക്കാതെ മുഴുവന്‍ മെമ്പര്‍മാരും ഒപ്പം നിന്നു.

കഴിഞ്ഞ പാലാ ഉപതെരെഞ്ഞെടുപ്പില്‍ മത്സരിച്ച മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വ . ജോസ് ടോമിന്‍റെ ഭാര്യയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെസി ടോം ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരാണ് പഞ്ചായത്ത് അംഗങ്ങള്‍.

എല്ലാം ഇവിടെത്തന്നെയുണ്ട് … വേറെങ്ങും പോകേണ്ട !

ഓഫീസില്‍ എത്തിയാല്‍ അപേക്ഷാഫോറങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ പുറത്തേയ്ക്ക് പോകേണ്ടതില്ല. ഏത് അപേക്ഷാ ഫോറങ്ങളും ഇവിടെനിന്നും ലഭിക്കും. ഇനി മറ്റൊരു ഓഫീസില്‍ സമര്‍പ്പിക്കേണ്ട ഫോറം ആണെങ്കില്‍ കൂടി ഇവിടെ ലഭിക്കും.

നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും സമര്‍പ്പിയ്ക്കേണ്ട രേഖകള്‍, പൗരാവകാശ രേഖ, മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്.

നിങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍, സേവനങ്ങള്‍ അത് ഏത് ദിവസം വന്നാല്‍ ലഭിയ്ക്കുമെന്ന് മുന്‍കൂട്ടി അറിയിയ്ക്കുകയും പറഞ്ഞ ദിവസം തന്നെ അത് കിട്ടുകയൂം ചെയ്യും. സെക്രട്ടറി ഒപ്പിടേണ്ടാത്തതായ ചില സര്‍ട്ടിഫിയ്ക്കറ്റുകള്‍ അദ്ദേഹം സ്ഥലത്ത് ഇല്ലെങ്കില്‍ പോലും അസിസ്റ്ന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, അക്കൗണ്ടന്റ് മുഖാന്തിരം ഒപ്പിട്ട് കിട്ടുന്നതാണ്.

മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകളുടെ മുഴുവന്‍ വിവരങ്ങളും വിവിധ ഓഫീസുകളിലെ ഫോണ്‍ നമ്പര്‍ അങ്ങനെ നിങ്ങള്‍ക്ക് വേണ്ട എല്ലാ സേവനവും കൃത്യമായും കാര്യക്ഷമമായും ലഭിയ്ക്കുന്നതാണ്.

ജനസൗഹൃദ സദ്ഭരണത്തിനു തുടക്കം കോട്ടയത്ത്

പഞ്ചായത്തുകളെ ജനസൗഹൃദ സദ്ഭരണമാക്കുക, അഴിമതി രഹിതമാക്കുക എന്നീ ആശയങ്ങള്‍ ബീജാവാപം ചെയ്യുകയും അതിനായി അഹോരാത്രം അക്ഷീണം പ്രവര്‍ത്തിയ്ക്കുകയും ഇന്ത്യയ്ക്ക് മാതൃകയായി നടപ്പിലാക്കി കാണിച്ചുകൊടുക്കുകയും ചെയ്ത കോട്ടയത്തെ ഉദ്യോഗസ്ഥരില്‍ പ്രധാനികളാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്ക്ര്‍ എസ്.ജോസ്നമോള്‍, പഞ്ചായത്ത് അസിസ്റ്ന്റ് ഡയറ്ക്ര്‍ സലീം ഗോപാല്‍, ജൂനിയര്‍ സൂപ്രണ്ട് സുശീല്‍ എം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്ക്ര്‍ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് പ്രിയ ജി.ദാസ് തുടങ്ങിയവരൊക്കെ .

കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറ്ക്ര്‍ ഓഫീസിലെയും പഞ്ചായത്ത് അസിസ്റ്ന്റ് ഡയറക്ടര്‍ ഓഫീസിലെയും പെര്‍ഫോര്‍മെന്‍സ് ഓഡിറ്റ് യൂണിറ്റ് ഓഫീസിലെയും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെയും മുഴുവന്‍ ജീവനക്കാരുടെയും കൂട്ടുത്തരവാദിത്വവും പിന്തുണയും ആണ് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലെന്ന് മീനച്ചില്‍ പഞ്ചായത്ത് സെക്രട്ടറി സുശീല്‍ എം. പറഞ്ഞു.

നിയമം ജനത്തെ പേടിപ്പിക്കാനല്ല

സേവനം തേടിവരുന്ന ഒരാളെ നിയമം കാണിച്ച് പേടിപ്പിയ്ക്കാതെ എങ്ങനെ സഹായിയ്ക്കാന്‍ കഴിയും എന്ന് ചിന്തിയ്ക്കാന്‍ ഓരോ ഉദ്യോഗസ്ഥരും തയ്യാറായാല്‍ ജനം ആഗ്രഹിയ്ക്കുന്ന സേവനം ക്രമം പാലിച്ച് തന്നെ യഥാസമയം നല്‍കാന്‍ കഴിയും.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും എന്ന ”പുതുമൊഴി ”പോലെ സിവില്‍സര്‍വ്വീസിലെ എളിയ ജീവനക്കാര്‍ വിചാരിച്ചാലും വലിയ മാറ്റത്തിന് തുടക്കം കുറിയ്ക്കാന്‍ സാധിയ്ക്കും എന്നതിന് സുശീല്‍ എമ്മിനെപ്പോലുള്ള ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥര്‍ പ്രതീക്ഷ നല്‍കുന്നു.

കേരളത്തിലെ ചീഫ് സെക്രട്ടറി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മികച്ച സിവില്‍ സര്‍വീസ് സേവനം ജനങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സ്ഥാപനമാണ്‌ മീനച്ചില്‍ പഞ്ചായത്ത് . ഈ മാതൃക അദ്ദേഹം കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പിലാക്കിയാല്‍ കേരളം കുതിക്കും …വികസനത്തിലേയ്ക്ക് ..

×