പാലക്കാട്: സംസ്ഥാന ബിജെപിക്കുള്ളിലെ ചേരിപ്പോര് പുതിയ തലങ്ങളിലേക്ക്. പാര്‍ട്ടി പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാക്കി കൊണ്ട് ശോഭാ സുരേന്ദ്രനും കൂട്ടരും. വിമത ചേരിയില്‍ നില്‍ക്കുന്ന 24 സംസ്ഥാന നേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് കൈമാറി. സുരേന്ദ്രന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരായാണ് ഈ കൂട്ട പരാതി. ഒപ്പിട്ടവരിലേറെയും ശോഭാ സുരേന്ദ്രനും, ദേശീയ കൗണ്‍സില്‍ അംഗം പി.എം വേലായുധനും പിന്തുണ നല്‍കുന്നവരാണ്.
/sathyam/media/post_attachments/IObUj11a0zFmZS6dbqXR.jpg)
ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നേതാക്കളുടെ പരാതിക്കത്ത്. കെ.സുേരന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ അമിത്ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്കും കത്തയച്ചിരിക്കുന്നത്. പ്രാദേശിക തലത്തിലും ഇത്തരത്തില്‍ അസംതൃപ്തരുണ്ടെന്നും അവരെ കൂടി സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് വിമതവിഭാഗത്തിന്റെ നീക്കം.
സുരേന്ദ്രന്റെ ഒറ്റയാന്‍ നീക്കങ്ങള്‍ക്ക് കേന്ദ്രനേതൃത്വം തടയിട്ടില്ലെങ്കില്‍ വരാനിരിക്കുന്ന പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പച്ചതൊടില്ലെന്നാണ് വിമതരുടെ മുന്നറിയിപ്പ്. കേന്ദ്ര നേതൃത്വം ഇടപ്പെട്ട് സുരേന്ദ്രനെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് ശോഭയുടെയും കൂട്ടരുടെയും ആവശ്യം. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളവരെ സംഘടിപ്പിച്ച് പുതിയ ഗ്രൂപ്പായി നീങ്ങാനാണ് ശോഭാ സുരേന്ദ്രന്റെയും കൂട്ടരുടെയും നീക്കം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുംവരെ നിശബ്ദത പാലിക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us