കട്ടപ്പനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് ! 8 നഗരസഭാ കൗണ്‍സിലര്‍മാരടക്കം കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്ക് ? നഗരഭരണം ഇടതുപക്ഷം പിടിച്ചെടുക്കും ?

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, May 14, 2021

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഇടുക്കിയില്‍ കോണ്‍ഗ്രസില്‍ നിന്നും കേരള കോണ്‍ഗ്രസിലേയ്ക്ക് വന്‍ ചുവടുമാറ്റത്തിന് സാധ്യത.

തുടര്‍ച്ചയായി രണ്ടാം തവണയും യുഡിഎഫ് ഭരിക്കുന്ന കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവടക്കം 8 കൗണ്‍സിലര്‍മാര്‍ കേരള കോണ്‍ഗ്രസ് – എമ്മില്‍ ചേര്‍ന്നേക്കും.

തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും. ഇതോടെ നഗരസഭാ ഭരണം യുഡിഎഫില്‍ നിന്നും ഇടതുപക്ഷം പിടിച്ചെടുക്കും. 34 അംഗ നഗരസഭയില്‍ 22 അംഗങ്ങളായിരുന്നു യുഡിഎഫിന്.

ഇടതിന് 9 -ഉം ബിജെപിക്ക് രണ്ടുമായിരുന്നു അംഗസംഖ്യ. കോണ്‍ഗ്രസില്‍ നിന്നും 8 പേര്‍ കൂടി കേരള കോണ്‍ഗ്രസിലെത്തുന്നതോടെ ഇടതുമുന്നണിക്ക് ഭരിക്കാന്‍ കഴിയും. രണ്ട് അംഗങ്ങളുള്ള ബിജെപി ഇരു മുന്നണികളെയും പിന്തുണക്കില്ലെന്നതിനാല്‍ 17 സീറ്റുകള്‍ നേടുന്ന മുന്നണിക്ക് ഭരണം ഉറപ്പിക്കാം.

കട്ടപ്പനയില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ ഏറെ നാളുകളായി പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. നിയുക്ത മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലത്തില്‍ നിന്നുതന്നെ കോണ്‍ഗ്രസില്‍ നിന്നും കേരള കോണ്‍ഗ്രസിലേയ്ക്ക് കുത്തൊഴുക്ക് ഉണ്ടാകുന്നതോടെ ഹൈറേഞ്ചിലെ ഏക നഗരസഭാ ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.

ജില്ലയില്‍ കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് – ജോസ് പക്ഷത്ത് ചേരുമെന്നാണ് സൂചന.

×