കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ സ്വീകരിച്ച നടപടി മറച്ചുവച്ച് കര്‍ദിനാളിനെ അപമാനിക്കാനുള്ള നീക്കവുമായി മാധ്യമങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചില മുന്‍നിര ചാനലുകളാണ് കര്‍ദിനാള്‍ പ്രതിക്കൂട്ടിലായെന്ന മട്ടില്‍ ഇന്നു മുതല്‍ വാര്‍ത്ത നല്‍കിയത്. അതേസമയം വത്തിക്കാന്‍ തള്ളിക്കളഞ്ഞ ചിലരുടെ മൊഴിയുടെ പേരിലാണ് യാഥാര്‍ത്ഥ്യം മറച്ചുവച്ചുള്ള ഈ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താന്‍ കോതമംഗലം കോട്ടപ്പടിയിലെ 25 ഏക്കര്‍ സ്ഥലം വില്‍ക്കാനായിരുന്നു വത്തിക്കാന്റെ നിര്‍ദേശം. കേരളത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഏജന്‍സിയായ കെപിഎംജിയെ വത്തിക്കാന്‍ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റിറ്റിയൂഷന് (നഷ്ടപരിഹാരം നേടല്‍) വത്തിക്കാന്‍ അംഗീകാരം നല്‍കിയത്.
ഭൂമി വില്‍പ്പനയില്‍ ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതു ഭൂമി വിറ്റ് പരിഹരിക്കാനാണ് വത്തിക്കാന്‍ നിര്‍ദേശിച്ചത്. കോട്ടപ്പടി ഭൂമി വിറ്റ് കടം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കാനും വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അനുമതിയും ഇതിനു ലഭിച്ചിരുന്നു.
റസ്റ്റിറ്റിയൂഷന് എതിരു നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അതിരൂപതയുടെ അധ്യക്ഷന് വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിരൂപത ഇക്കാര്യം ചെയ്തില്ലെങ്കില്‍ സിറോമലബാര്‍ സഭ സ്ഥിരം സിനഡിന് ഇക്കാര്യത്തില്‍ ഇടപെടാമെന്നാണ് വത്തിക്കാന്റെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിര്‍ദേശമുള്ളത്.
വസ്തുതകള്‍ ഇതാണെന്നിരിക്കെയാണ് കെപിഎംജിയുടെ റിപ്പോര്‍ട്ടിലെ ചിലരുടെ മൊഴികളുടെ പേരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുരുക്കിലാണെന്ന വാര്‍ത്തയുമായി ചില മാധ്യമങ്ങള്‍ രംഗത്തുവന്നത്. തന്റെ പേരില്‍ ദീപിക പത്രത്തിന്റെ ഓഹരിയെടുക്കാന്‍ കര്‍ദിനാള്‍ ഭൂമിയിടപാടിലെ ഇടനിലക്കാരനായ സാജു വര്‍ഗീനോട് പറയുന്നതു കേട്ടുവെന്ന് അതിരൂപതാ സാമ്പത്തിക സമിതിയുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവയാണ് കെപിഎംജിയോട് പറഞ്ഞത്.
ഇതു സ്ഥിരീകരിച്ചത് മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംമ്പാടമായിരുന്നു. ഭൂമി വിവാദത്തില്‍ ആരോപണ വിധേയരായിരുന്നു ഇരു വൈദീകരും. തങ്ങള്‍ ഉള്‍പ്പെട്ട വിവാദത്തില്‍ നിന്നും രക്ഷപെടാന്‍ കര്‍ദിനാളിനെ കൂടി വിവാദത്തില്‍ പെടുത്തുകയായിരുന്നു ഇവരുടെ ഉദ്ദേശം.
ഇതേ തുടര്‍ന്ന് ഇവരുടെ മൊഴി വത്തിക്കാന്‍ വിലയ്ക്ക് എടുത്തില്ല. ഇതോടെയാണ് ഭൂമി വിറ്റ് പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം നല്‍കിയത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് മാധ്യമങ്ങള്‍ കര്‍ദിനാളിനെതിരെ വാര്‍ത്തയുമായി രംഗത്തുവന്നിട്ടുള്ളത്.