യുഡിഎഫ് കണ്‍വീനര്‍ പദവി ഹൈക്കമാന്‍റിന് പുതിയ വെല്ലുവിളി ! കെ മുരളീധരന്‍ പദവി ഏറ്റെടുക്കാനില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുന്നു. പകരം പിസി വിഷ്ണുനാഥിന്‍റെ പേര് ഹൈക്കമാന്‍റ് പരിഗണനയില്‍ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, June 10, 2021

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിച്ച് കൈയ്യടി നേടിയ ഹൈക്കമാന്‍റിനു മുമ്പില്‍ വെല്ലുവിളിയായി യുഡിഎഫ് കണ്‍വീനര്‍ പദവി. ഘടകകക്ഷികളുമായി കൂടി ആലോചിച്ച് പുതിയ കണ്‍വീനറെ പ്രഖ്യാപിക്കേണ്ടത് കെപിസിസി ആണെങ്കിലും നേതാവിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍റിലും അവ്യക്തത തുടരുകയാണ്.

മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്നാണ് കോണ്‍ഗ്രസിലെയും ഘടകകക്ഷികള്‍ക്കിടയിലെയും പൊതുവികാരം. പക്ഷേ പദവി ഏറ്റെടുക്കാന്‍ മുരളീധരന്‍ തയ്യാറായിട്ടില്ലെന്നതാണ് പുതിയ വെല്ലുവിളി.

തല്‍ക്കാലം ഒരു പദവിയും വേണ്ടെന്നതാണ് മുരളിയുടെ നിലപാട്. നേമത്തെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഉടന്‍ പുതിയ പദവികളൊന്നും ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലേയ്ക്ക് മുരളി മാറിയത്.

മുരളീധരന്‍ വിസമ്മതിച്ചാല്‍ മറ്റൊരാളെ ഈ പദവിയിലേയ്ക്ക് കണ്ടെത്തുക ദുഷ്കരമാകും. പിസി വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ പേരുകളള്‍ക്കാണ് ദേശീയ നേതൃത്വത്തിനു മുമ്പില്‍ മുന്‍ഗണന.

വിഷ്ണുനാഥിനാണ് ഹൈക്കമാന്‍റിന്‍റെ പ്രഥമ പരിഗണനയെങ്കിലും ഘടകകക്ഷികള്‍ കൂടി ഇത് അംഗീകരിക്കേണ്ടതുണ്ട്. പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വിഷ്ണുനാഥ് മതിയാകുമോ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്.

എന്നാല്‍ എഐസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരിചയം വിഷ്ണുവിനെ പരിഗണിക്കുമ്പോള്‍ മുതല്‍ക്കൂട്ടാകും. കെസി ജോസഫ്, കെവി തോമസ് എന്നിവര്‍ യുഡിഎഫ് കണ്‍വീനര്‍ പദവി സ്വപ്നം കാണുന്നവരാണെങ്കിലും ഇവരിലാരെ നിയമിച്ചാലും അത് പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച മുന്‍തൂക്കം നഷ്ടപ്പെടുത്തുമെന്ന ഭയം നേതൃത്വത്തിനുണ്ട്.

ഈ സാഹചര്യത്തില്‍ കെ മുരളീധരനില്‍ പദവി ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതിനാണ് എഐസിസിയുടെ പ്രഥമ പരിഗണന. അതല്ലെങ്കില്‍ പിസി വിഷ്ണുനാഥിന് നറുക്ക് വീണേക്കും.

ഗ്രൂപ്പിനതീതമായാണ് തെര‍ഞ്ഞെടുക്കപ്പെടുന്നതെങ്കിലും ഗ്രൂപ്പു നോക്കിയാല്‍ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഐ വിഭാഗക്കാരാണ്. അതിനാല്‍ തന്നെ എ വിഭാഗം കൈവശം വച്ചിരുന്ന കണ്‍വീനര്‍ സ്ഥാനം അവര്‍ക്കു തന്നെ നല്‍കുക എന്ന പരിഗണനയും വിഷ്ണുനാഥിനു ഗുണം ചെയ്തേക്കാം.

പക്ഷേ പദവികള്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പ് പരിഗണനകള്‍ പാടില്ലെന്ന കര്‍ശന നിലപാടും ഹൈക്കമാന്‍റിനുണ്ട്. അതിനിടെ കൊടിക്കുന്നില്‍ സുരേഷിനെകൂടി വര്‍ക്കിംങ്ങ് പ്രസിഡന്‍റ് പദവിയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും ശക്തിപ്പെടുകയാണ്. പാര്‍ലമെന്‍റംഗം, ലോക്സഭാ ചീഫ് വിപ്പ്, വര്‍ക്കിംങ്ങ് പ്രസിഡന്‍റ് എന്നീ മൂന്നു പദവികളാണ് ഇപ്പോള്‍ കൊടിക്കുന്നില്‍ വഹിക്കുന്നത്.

×