Advertisment

75-ാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ചില ചട്ടങ്ങൾ പാലിക്കേണ്ടത്

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കുന്ന സാഹചര്യത്തിൽ പതാക ഉയര്‍ത്തുന്നത് ഫ്ളാഗ് കോഡുകള്‍ ലംഘിക്കാതെ ആയിരിക്കണം.

വീടുകളില്‍ 13ന് ഉയര്‍ത്തുന്ന പതാക15ന് സൂര്യാസ്തമയത്തിനു മുമ്പ് താഴ്‌ത്തണം. തറയില്‍ തൊടുന്ന തരത്തിലോ മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പമോ ഉയര്‍ത്തരുത്. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്‌ക്ക് മുകളിലോ അരികിലോ സ്ഥാപിക്കരുത്. ദേശീയപതാക തലതിരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. തോരണമായി ഉപയോഗിക്കരുത്. രാഷ്ട്രപതി,​ ഉപരാഷ്ട്രപതി,​ പ്രധാനമന്ത്രി,​ ഗവര്‍ണര്‍മാര്‍​ തുടങ്ങി ഫ്ളാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേ തൊഴികെ ഒരു വാഹനത്തിലും പതാക ഉയര്‍ത്താന്‍ പാടില്ല.

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തല്‍/ഉപയോഗം/പ്രദര്‍ശനം എന്നിവ പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്‌സ് ടു നാഷണല്‍ ഓണര്‍ നിയമം 1971, ഫഌഗ് കോഡ് ഓഫ് ഇന്ത്യ, 2002 എന്നിവയിലൂടെ നിയന്ത്രിച്ചിരിക്കുന്നു. ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ 2002ന്റെ പ്രധാന സവിശേഷതകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി വ്യക്തമാക്കുന്നു.

* ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ചട്ടങ്ങള്‍ 2021 ഡിസംബര്‍ 30-ലെ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തു. പോളിസ്റ്റര്‍ കൊണ്ടുള്ളതോ യന്ത്രത്തില്‍ നിര്‍മ്മിച്ചതോ ആയ പതാക ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഇപ്പോള്‍, ദേശീയ പതാക കൈകൊണ്ട് നൂല്‍ക്കുകയും കൈകൊണ്ട് നെയ്തെടുക്കുകയും ചെയ്തതോ അല്ലെങ്കില്‍ യന്ത്ര നിര്‍മിതമോ, പരുത്തി/പോളിസ്റ്റര്‍/കമ്ബിളി/പട്ടു ഖാദി നിര്‍മിതമോ ആകാം.

* ഒരു പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസങ്ങളിലും അവസരങ്ങളിലും, ആചാരപരമായോ അല്ലാതെയോ ദേശീയ പതാകയുടെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച നിലയില്‍ ദേശീയ പതാക ഉയര്‍ത്തുകയോ/പ്രദര്‍ശിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

* 2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം 2002-ലെ ഫ്ലാഗ് കോഡില്‍ ഭേദഗതി വരുത്തുകയും, ഇന്ത്യന്‍ ഫ്ലാഗ് കോഡിന്റെ ഭാഗം-II-ലെ ഖണ്ഡിക 2.2 ല്‍ ഉള്‍പ്പെടുവന്ന ഉപവകുപ്പ് (xi) ഇനിപ്പറയുന്ന വിധം മാറ്റിയിരിക്കുന്നു:

* “പൊതുസ്ഥലത്തോ പൊതുജനങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു വ്യക്തിയുടെ വീട്ടിലോ ഉയര്‍ത്തുന്ന ദേശീയ പതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാവുന്നതാണ് “

* ദേശീയ പതാക ദീര്‍ഘ ചതുര ആകൃതിയില്‍ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം.

എന്നാല്‍ നീളത്തിന് ഉയരത്തോടുള്ള (വീതി) അനുപാതം 3:2 ആയിരിക്കണം.

* ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദര്‍ശിപ്പിക്കണം

* കേടുപാടുകള്‍ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

* ഒരു കൊടിമരത്തില്‍ നിന്ന് ഒരേസമയം ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ പതാകകളോ ഉയര്‍ത്താന്‍ പാടില്ല.

* ഫ്ലാഗ് കോഡിന്റെ വകുപ്പ് 9 ഭാഗം III ല്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികള്‍ – ഉദാഹരണത്തിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍മാര്‍ എന്നിവരുടെ വാഹനത്തില്‍ – ഒഴികെ ഒരു വാഹനത്തിലും പതാക പാറാന്‍ പാടില്ല.

* മറ്റ് പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകക്ക് മുകളിലോ അരികിലോ ഉയര്‍ത്തരുത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്സ് ടു നാഷണല്‍ ഓണര്‍ നിയമം, l97l, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ ആഭ്യന്തര മന്ത്രാലയത്തിന്റെ www.mha.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advertisment