തിരുവനന്തപുരം: സംസ്ഥാനത്തെ വനം കൊള്ളയുടെ യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കുന്നതിന് സ്വതന്ത്ര സമിതിയെ നിയോഗിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറും സത്യസന്ധതയും വിഷയത്തില്‍ അറിവുമുള്ള ആളുകളെ ഇത്തരമൊരു കാര്യത്തിന് ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയോ മുന്നണിയോ നിയോഗിക്കുന്നത് ഇതാദ്യമായാണ്.
സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ നടന്ന വനംകൊള്ളയുടെ വസ്തുത അന്വേഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ഇ കുഞ്ഞുകൃഷ്ണന്‍, അഡ്വ. സുശീലാ ഭട്ട്, വിരമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ഒ ജയരാജ് എന്നിവരടങ്ങുന്ന സമിതിയെയാണ് പ്രതിപക്ഷം നിയോഗിച്ചത്. യുഡിഎഫിന്റെ അംഗീകാരത്തോടെയാണ് ഈ സമിതിക്ക് രൂപം നല്‍കിയത്. ഇവരെല്ലാം കക്ഷിരാഷ്ട്രീയത്തിന് അപ്പുറം സത്യസന്ധതയും ആത്മാര്‍ത്ഥതയും പ്രകൃതി സംരക്ഷണ വിഷയത്തില്‍ കൃത്യമായ നിലപാടുള്ളവരുമാണ്.
ഇവരുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തല്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇത്തരം സമിതികളെയൊക്കെ പ്രതിപക്ഷം വയ്ക്കുന്നത് ഇതാദ്യമൊന്നുമല്ല. പക്ഷേ അത്തരം സമിതികളെ നിയോഗിക്കുമ്പോള്‍ തങ്ങളുടെ സില്‍ബന്ധികളയോ, ഇഷ്ടക്കാരെയൊ വച്ച് റിപ്പോര്‍ട്ട് പൂര്‍ണമായും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നടപടികളാണ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. ഈയൊരു നിലപാടിനാണ് വിഡി സതീശന്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന് പുതിയ മുഖവും രൂപവും നല്‍കുന്ന തീരുമാനമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പൊതുവിലയിരുത്തല്‍. ഈ വിദഗ്ദ സമിതിയിലുള്‍പ്പെടുന്ന മൂവരും അത്രയേറെ പൊതു സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരാണ്. ഇവരുടെ അഭിപ്രായത്തെ തള്ളിക്കളയാല്‍ ഇടതുപക്ഷത്തിന് പോലും കഴിയില്ല.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല. വരും ദിവസങ്ങളില്‍ ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്നാല്‍ അതുവച്ച് സര്‍ക്കാരിനെ കുടുക്കിലാക്കാന്‍ പ്രതിപക്ഷത്തിന് കഴിയും. ഇതുതന്നെയാണ് ക്രിയാത്മക പ്രതിപക്ഷമെന്ന് പൊതുസമൂഹത്തെക്കൊണ്ട് പറയിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നും സതീശന്‍ പ്രതീക്ഷിക്കുന്നു.
അതേസമയം വനംകൊള്ളയില്‍ ഇപ്പോള്‍ നടക്കുന്നത് ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി അഴിമതി നടത്തിയ രാഷ്ട്രീയ മേലാളന്‍മാരെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അന്വേഷണം ജനങ്ങളെ കബളിപ്പിക്കുന്നതാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
വനം മാഫിയയെ സംരക്ഷിച്ച് കര്‍ഷകരെയും പട്ടികജാതിക്കാരെയും പ്രതികളാക്കുന്ന അന്വേഷണമാണിത്. 5 ലക്ഷം രൂപ വില വരുന്ന മരത്തിന് 5000 രൂപ മാത്രം വില നല്‍കിയാണ് വയനാട്ടില്‍ പട്ടികജാതിക്കാരും ആദിവാസികളുമായ കര്‍ഷകരില്‍ നിന്നും വനം മാഫിയ സ്വന്തമാക്കിയത്. കര്‍ഷകരും പട്ടികജാതിക്കാരും കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.