ഹൂഥികളുടെ രണ്ട് ആളില്ലാ വിമാനങ്ങൾ സൗദി സൈന്യം വീഴ്ത്തി.

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, June 1, 2020

ജിദ്ദ: യമനിലെ സായുധ കലാപകാരികളായ ഹൂഥികൾ സൗദി നഗരം ആക്രമിക്കാൻ വേണ്ടി അയച്ച രണ്ടു ഡ്രോണുകൾ (ആളില്ലാ വിമാനങ്ങൾ) സൗദിയുടെ പ്രതിരോധത്തിൽ ലക്‌ഷ്യം കാണാതെ തകർന്ന് വീണു. അതിർത്തി നഗരമായ ഖമീസ് മുഷൈത്തിലെ സുപ്രധാന ജനവാസ കേന്ദ്രങ്ങളെ ലക്‌ഷ്യം വെച്ച് ഹൂഥികൾ തൊടുത്തു വിട്ട ആളില്ലാ വിമാനം സൗദി സൈന്യം വെച്ച് തകർക്കുകയായിരുന്നു. സൗദിയുടെ നേതൃത്വത്തിൽ യമനിൽ ഹൂഥി വിരുദ്ധ സൈനിക നീക്കം നടത്തിക്കൊണ്ടിരിക്കുന്ന അറബ് സഖ്യ സേനയുടെ ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ 27 നും ഹൂഥികളുടെ രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടതായി ഔദ്യോഗിക വാക്താവ് അറിയിച്ചിരുന്നു. മറ്റൊരു അതിർത്തി നഗരമായ നജ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂഥികളുടെ അന്നത്തെ നീക്കം. ഇറാൻ പിന്തുണയോടെയാണ് യമനിൽ രാഷ്ട്രീയ, സൈനിക അട്ടിമറി ഹൂഥികൾ നടത്തി കൊണ്ടിരിക്കുന്നത്. ഇതിനെതിരെ, യമനിലെ നിയമാനുസൃതമുള്ള സർക്കാരിന് പിന്തുണയുമായാണ് സൗദി, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന അറബ് സഖ്യസേന യമനിൽ സൈനിക നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹൂഥികൾ നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോൺ ആക്രമണങ്ങളുടെ ദുരന്തപൂര്ണമായ പ്രത്യാഘാതങ്ങളിലേയ്ക്ക് കേണൽ തുർക്കി അൽമാലികി ലോകശ്രദ്ധ ക്ഷണിച്ചു. ആഗോള ധാരണകളുടെ വ്യക്തമായ ലംഘനങ്ങളാണ് ഇത്.

അതോടൊപ്പം, സഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചതിനോട് അനുകൂലമായി പ്രതികരിക്കാതെ ആയിരക്കണക്കിന് ഏകപക്ഷീയമായ പ്രകോപന നീക്കങ്ങൾ നടത്തിയ ഹൂഥികളുടെ സമാധാന വിരുദ്ധ നീക്കങ്ങളെയും അറബ് സഖ്യസേനാ ഔദ്യോഗിക വാക്താവ് എടുത്തുകാട്ടി. കഴിഞ്ഞ ഏപ്രിൽ ഒൻപന്തിന് അറബ് സഖ്യസേന വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടയുള്ള ആയുധങ്ങൾ ആക്രമണങ്ങൾ നടത്തിയായിരുന്നു ഹൂഥികളുടെ ധികാരപൂർണമായ പ്രതികരണം. ഹൂഥികളുടെ ഈ ആക്രമണ ശേഷിയുടെ ഉറവിടം കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ അറബ് സഖ്യസേന തുടർന്നും ഉശിരോടെ വ്യാപൃതരായിരിക്കുമെന്നും കേണൽ അൽമാലിക്കി വ്യക്തമാക്കി.

×