കൊടുവള്ളിയിൽ അതിഥി തൊഴിലാളിയെ കവർച്ചാ സംഘം ബൈക്കിൽ വലിച്ചിഴച്ചു

New Update

publive-image

താമരശ്ശേരി: കൊടുവള്ളിയിൽ വീണ്ടും അതിഥി തൊഴിലാളിയെ കവർച്ചാ സംഘം വലിച്ചിഴച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രണ്ട് സ്‌കൂട്ടറുകളിലായി അഞ്ചുപേര്‍ കൊടുവള്ളി മദ്രസാ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കവര്‍ച്ചക്കെത്തിയത്.

Advertisment

പുലര്‍ച്ചെ രണ്ടരയോടെ രണ്ടുപേര്‍ ജാര്‍ഘണ്ഡ് സ്വദേശി നജ്മുല്‍ ശൈഖ് താമസിക്കുന്ന മുറിയുടെ കൊളുത്ത് തകര്‍ത്ത് അകത്ത് കടന്നു. ഈ സമയം ഒരു സ്‌കൂട്ടറില്‍ ഒരാളും മറ്റൊരു സ്‌കൂട്ടറില്‍ രണ്ട് പേരും റോഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

മുറിയിലെത്തിയവര്‍ കവര്‍ച്ച നടത്തുന്നതിനിടെ നജ്മുല്‍ ശൈഖ് അറിയുകയും മോഷ്ടാക്കളെ പ്രതിരോധിക്കുകയും ചെയ്തു. ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനൊടുവില്‍ കവര്‍ച്ചാ സംഘം ഇറങ്ങി ഓടി.

കവര്‍ച്ചക്കാര്‍ രക്ഷപ്പെടുമ്പോള്‍ പിന്നാലെ ഓടി നജ്മുല്‍ ശൈഖ് സ്‌കൂട്ടറില്‍ പിടിച്ചു വലിച്ചെങ്കിലും അതി വേഗത്തില്‍ സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു. ഇതോടെ നജ്മുല്‍ ശൈഖ് ദേശീയ പാതയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

നജ്മുല്‍ ശൈഖിനെ നാട്ടുകാര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിൽ മൊബൈൽ ഫോൺ കവർച്ച ചെയ്യാനെത്തിയ സംഘം ബീഹാർ സ്വദേശിയെ ബൈക്കിൽ വലിച്ചിഴച്ചിരുന്നു. സംഭവത്തിൽ രണ്ടു പേർ പോലീസിൻ്റെ പിടിയിലായിരുന്നു.

kozhikode news
Advertisment