മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഢനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍. സ്ത്രീധനമായി നല്‍കിയത് 100 പവനും ആഡംബര വാഹനവും. വാഹനം തിരിച്ചെടുത്ത് 10 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് മകളെ പീഢിപ്പിച്ചിരുന്നതായി പിതാവ്. സംഭവം നിലമേലില്‍ !  

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, June 21, 2021

കൊല്ലം: സ്ത്രീധന പീഢന വിവരം ബന്ധുക്കളെ അറിയിച്ച യുവതി പുലര്‍ച്ചെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അസിസ്റ്റന്‍റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാറിന്‍റെ ഭാര്യ നിലമേല്‍ കൈതോട് സ്വദേശി വിസ്മയ – 24 ആണ് മരിച്ചത്. അതേസമയം മരണം കൊലപാതകമാണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അരുണ്‍കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. 100 പവനും 10 ലക്ഷം രൂപയുടെ വാഹനവുമായിരുന്നു സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ സ്ത്രീധനമായി നല്‍കിയ വാഹനം തിരിച്ചെടുത്ത് പകരം അതിന്‍റെ വിലയായ 10 ലക്ഷം രൂപ പണമായി നല്‍കണമെന്നാവശ്യപ്പെട്ട് അരുണ്‍കുമാര്‍ നിരന്തരമായി മദ്യപിച്ചെത്തി മാനസികമായും ശാരീരികമായും ഉപദ്രവിക്കുമായിരുന്നെന്നാണ് തെളിവുകള്‍ സഹിതം സഹോദരന്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.

പീഢന വിവരം പെണ്‍കുട്ടി വാട്സാപ്പില്‍ അറിയിച്ചിരുന്നതിന്‍റെ തെളിവുകളാണ് സഹോദരന്‍ പോലീസിന് കൈമാറിയത്. മര്‍ദനത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടായ പാടുകളുടെ ചിത്രങ്ങളും യുവതി സഹോദരന് കൈമാറിയത് ഇക്കൂട്ടത്തിലുണ്ട്.

യുവതി ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് ത്രിവിക്രമന്‍ നായര്‍ പോലീസിനെ അറിയിച്ചത്.

×