പാലാ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിൽ ചെയർമാൻ ആന്റോ ജോസിനെ ഊഞ്ഞാലിലിരുത്തി ആടിച്ചുകൊണ്ടിരുന്നു… ബൈജുവിൻ്റെ ആടിക്കൽ ആസ്വദിച്ച് ആൻ്റോ നന്നായി ആടി; പതിവുള്ള നിഷ്ക്കളങ്കമായ ചിരിയോടെ തന്നെ. ഈ "കളിയും കളിപ്പീരും" കണ്ട് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയും ഭരണപക്ഷത്തെ പ്രമുഖരായ അഡ്വ. ബിനു പുളിക്കക്കണ്ടവും സാവിയോ കാവുകാട്ടുമൊക്ക ചിരിതൂകി നിന്നു…

New Update

publive-image

പാലാ: ഊഞ്ഞാലാട്ടം ഒന്നു നിന്നപ്പോൾ ചെയര്‍മാനോടൊരു തമാശ ചോദിച്ചു; "ചെയർമാനെ ആട്ടമെങ്ങനെ… ? "ബൈജുവിൻ്റെ ആടിക്കൽ സൂപ്പർ" ആൻ്റോയുടെ മറുപടിയിൽ കേട്ടുനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.

Advertisment

ഇന്നലെ പാലാ തെക്കേക്കരയില്‍ നഗരസഭാ വക കുമാരനാശാന്‍ സ്മാരക കുട്ടികളുടെ പാര്‍ക്ക് കൊവിഡിന് ശേഷം തുറന്നു കൊടുക്കുന്ന വേദിയിലാണ് ചെയര്‍മാനും കൗണ്‍സിലര്‍മാരുമെല്ലാം ഒരുവേള ''കുട്ടികളായതും കുട്ടിക്കളികള്‍ കളിച്ചതും''.

പാര്‍ക്കിന്റെ കിഴക്കേ മൂലയിലെ ഊഞ്ഞാലു ചൂണ്ടിക്കാട്ടി, ചെയര്‍മാന്‍ അതിലിരുന്ന് ഒന്നാടണമെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ആദ്യം ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ ചെയര്‍മാനെ ഞാന്‍ ആടിക്കുമെന്നായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലമ്പറമ്പില്‍.

''ഏഴു വയസ്സുവരെയുള്ളവര്‍ക്ക് ഇരിക്കേണ്ട ഊഞ്ഞാലാ. ഞാന്‍ ഇരുന്നാല്‍ പൊട്ടുമോ'' ? ആന്റോ ജോസിന് സംശയം. ''തടിയുണ്ടെങ്കിലും ചെയര്‍മാന് കുട്ടികളുടെ മനസ്സല്ലെ. ധൈര്യമായിട്ട് ഇരിയ്ക്കൂ'' പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയുടെ കമന്റ്. ഊഞ്ഞാല്‍ പൊട്ടിയാല്‍ ബൈജു പിടിച്ചില്ലെങ്കിലും ഞാന്‍ പിടിച്ചോളാമെന്നായി അഡ്വ. ബിനു പുളിക്കക്കണ്ടം. ചെയര്‍മാന് താങ്ങായി താനുണ്ടാകുമെന്ന് ഭരണപക്ഷത്തെ സാവിയോ കാവുകാട്ടും ഉറപ്പു കൊടുത്തു.

ഒടുവില്‍ ചെയര്‍മാന്‍ ഊഞ്ഞാലില്‍ ഇരുന്നു. ബൈജു കൊല്ലംപറമ്പിൽ ചെയര്‍മാനെ നന്നായി ആടിച്ചു കൊണ്ടിരുന്നു. ഇതിനിടെ സന്തോഷം പകര്‍ന്ന് എല്ലാവര്‍ക്കും മധുരം വിളമ്പി വാര്‍ഡ് കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യുവെത്തി.

ചെയര്‍മാന്റെ ഊഞ്ഞാലാട്ടം കണ്ടപ്പോള്‍ കറങ്ങുന്ന കസേരയില്‍ കളിയ്ക്കാനുള്ള മോഹവുമായി മുന്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മനുവും പ്രതിപക്ഷ കൗണ്‍സിലര്‍ മായാ രാഹുലുമെത്തി. ഇവരുടെ കസേര കറക്കിവിടാന്‍ ജോസിന്‍ ബിനോ ഓടിവന്നു.

ഒരു വട്ടം കറങ്ങിയപ്പോഴേ ബിജി ഇറങ്ങിയോടി. തൊട്ടുപിന്നാലെ മായയും ബിന്ദുവും കറങ്ങുന്ന കസേരയില്‍ നിന്ന് എടുത്തുചാടി. എല്ലാവരുടെയും കണ്ണു വെട്ടിച്ച് പാര്‍ക്കിന്റെ അങ്ങേ മൂലയില്‍ ഒറ്റയ്ക്കിരുന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദും ഊഞ്ഞാലാടി.

publive-image

മുതിര്‍ന്നവരുടെ കളികള്‍ കണ്ടപ്പോള്‍, വീണ്ടും തുറന്ന പാര്‍ക്കില്‍ ആദ്യമായെത്തിയ കുട്ടികള്‍ക്കും ഏറെ ഉത്സാഹം. കളിപ്പാട്ടങ്ങളില്‍ കളിച്ചും ഊഞ്ഞാലാടിയും ഫൗണ്ടനുകളില്‍ നിന്ന് വെള്ളം ചീറ്റിച്ചും പാര്‍ക്കിന്റെ ഉദ്ഘാടനം കുട്ടികളും ഉത്സാഹമാക്കി.

കൊവിഡ് കാലത്ത് അടച്ച കുമാരനാശാന്‍ സ്മാരക പാര്‍ക്ക് ഇന്നലെയാണ് വീണ്ടും തുറന്നത്. ആദ്യ ദിനം തന്നെ ഇരുപതോളം കുട്ടികളെത്തി. പാര്‍ക്കിലെ ചില റൈഡുകള്‍ തകരാറിലാണ്. ഇവ നന്നാക്കി കൂടുതല്‍ പച്ചപ്പുല്ലുകള്‍ പിടിപ്പിച്ചുകൊണ്ട് ഒരുമാസത്തിനുള്ളില്‍ പാര്‍ക്ക് കൂടുതല്‍ മനോഹരമാക്കുമെന്നും പിന്നീട് ഇവിടെ മഹാകവി കുമാരനാശാന്റെ പ്രതിമയും മ്യൂസിയവും തയ്യാറാക്കുമെന്നും ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.

പാര്‍ക്ക് വീണ്ടും തുറക്കാനെത്തിയ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, പ്രതിപക്ഷ നേതാവ്, കൗണ്‍സിലര്‍മാര്‍ എന്നിവരെ പാലാ തെക്കേക്കര എസ്എന്‍ഡിപി ശാഖ നേതാക്കളും പ്രവര്‍ത്തകരുമായ ഷിബു കല്ലറയ്ക്കല്‍, എ.ജി സഹദേവന്‍, ജോഷി പരമല, ശശി പനയ്ക്കല്‍, ഗോപാലന്‍ കൊച്ചുപറമ്പില്‍, സുരേഷ് കെ, സജീവ് ചാലില്‍, സീലിയാ ജോഷി, സുലേഖ ഉണ്ണി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

pala news
Advertisment