Current Politics

സഭയില്‍ ഭരണപക്ഷത്തിനെ തളച്ചു നിര്‍ത്തുന്നത് പ്രതിപക്ഷ നേതാവ് തന്നെ ! മുഖ്യമന്ത്രിയുടെ വാദങ്ങളെ ഖണ്ഡിച്ചും സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചും സഭയിലെ താരം വിഡി സതീശന്‍ തന്നെ ! ഭരണപക്ഷത്തെ പോരാളി മുഖ്യന്‍ തന്നെ. ശിവന്‍കുട്ടിയെ മലര്‍ത്തിയടിച്ച് താരമായത് പിടി തോമസ് ! വസ്തുത പറഞ്ഞ് പ്രതിപക്ഷത്തെക്കൊണ്ടും കയ്യടിപ്പിച്ച് കെകെ ഷൈലജ ! ജയിലുകള്‍ ക്വട്ടേഷന്‍ കോള്‍ സെന്ററെന്നു പറഞ്ഞ് കയ്യടി നേടി കെകെ രമയും. ആഭ്യന്തര വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് രമേശ് ചെന്നിത്തല. സമസ്ത മേഖലയിലെ പ്രശ്‌നങ്ങളും പരാമര്‍ശിച്ച് പിസി വിഷ്ണുനാഥ് ! പോയവാരം നിയമസഭയില്‍ പ്രസംഗത്തില്‍ തിളങ്ങിയവര്‍ ഇവരൊക്കെ. മുന്നണി വ്യത്യാസമില്ലാതെ പ്രതീക്ഷ പകര്‍ന്ന് പുതുമുഖങ്ങളും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, July 31, 2021

തിരുവനന്തപുരം : നിയമസഭയില്‍ പോയ ആഴ്ചയില്‍ താരങ്ങളൊക്കെ പ്രതിപക്ഷ നിരയില്‍ നിന്നായിരുന്നു കൂടുതല്‍. മന്ത്രിമാരും പ്രസംഗകരുമൊക്കെയുണ്ടെങ്കിലും പുകഴ്ത്തലും തള്ളും മാത്രം നടത്തേണ്ടതിനാല്‍ പലപ്പോഴും ട്രഷറി ബഞ്ചിലെ പ്രസംഗം അത്രയധികം ശ്രദ്ധിക്കപ്പെടില്ല. പക്ഷേ പ്രതിപക്ഷത്തെ സ്ഥിതി അതല്ല.

അതാണ് പോയവാരത്തിലും കണ്ടത്. പ്രതിപക്ഷ നിരയിലെ പല പ്രസംഗകരും ആവേശവും രാഷ്ട്രീയവും നിറച്ചാണ് സഭയില്‍ തിളങ്ങിയത്. പ്രതിപക്ഷ നിരയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു. പിടി തോമസും തിരുവഞ്ചൂരുമൊക്കെ അദ്ദേഹത്തിന് പിന്തുണ നല്‍കി.

എല്ലാത്തിലും ഇടപെട്ട് നേതൃത്വം നല്‍കി സതീശന്‍

കൃത്യതയുള്ള ഇടപെടലുകള്‍, വ്യക്തമായ പ്രസംഗം. ആവേശം വേണ്ടിടത്ത് അങ്ങനെ.. അതല്ല എതിരാളിക്ക് ഒപ്പം ആശ്വാസമായി നില്‍ക്കണോ, അതിനും തയ്യാര്‍. കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുകയാണ് വിഡി സതീശനെന്ന പ്രതിപക്ഷ നേതാവിലൂടെ.

മുഖ്യമന്ത്രിയുടെ വിരട്ടലിന് അതേപടി കൈ ചൂണ്ടി വിരലുയര്‍ത്തി മറുപടി നല്‍കുന്നതാണ് സതീശന്റെ ശീലം. അതും വെറുതേ പറഞ്ഞങ്ങ് പോകുകയല്ല, കൃത്യമായി പഠനത്തിനു ശേഷം വസ്തുതകള്‍ നിരത്തിയാണ് പ്രസംഗം.

അതു കോവിഡായാലും നിയമസഭാ കയ്യാങ്കളിയായാലും സതീശന്‍ പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാന്‍ ഭരണപക്ഷത്ത് ആളില്ലാത്ത സ്ഥിതിയാണ്.

ഭരണപക്ഷത്ത് ക്യാപ്റ്റന്‍ തന്നെ താരം

ഭരണപക്ഷത്ത് 91 പേരുണ്ടെങ്കിലും സഭയിലെ താരം മുഖ്യമന്ത്രി തന്നെയാണ്. ബാക്കിയുള്ളവരെയൊക്കെ നിഷ്പ്രഭമാക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പ്രതിപക്ഷത്തെ കുറെയെങ്കിലും കണക്കുകള്‍കൊണ്ട് പ്രതിരോധിക്കുന്നത് പിണറായുടെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്.

ബാക്കി മന്ത്രിമാരൊക്കെ രണ്ടാം സമ്മേളനം തുടങ്ങിയിട്ടും ശരാശരി നിലവാരത്തില്‍ മാത്രമാണ് പ്രവര്‍ത്തനം. മുഖ്യമന്ത്രിയുടെ നിഴലില്‍ നിന്നാണ് പലരുടെയും പ്രകടനം.

ശിവന്‍കുട്ടിയെ ഇരുത്തി പൊരിച്ച് പിടി തോമസ്

പിടി തോമസ് പൊതുവേ നിയമസഭയിലെ മികച്ച പ്രസംഗകനാണ്. പ്രസംഗം തുടങ്ങിയാല്‍ പിന്നെ എതിരാളിയെ കടന്നാക്രമിക്കുന്നതില്‍ പിടി ഒരു മടിയും കാട്ടാറില്ല. ഈയാഴ്ച പിടിയുടെ ഇര വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയായിരുന്നു.

ശിവന്‍കുട്ടി മാമന്‍ മുണ്ടും മടക്കിക്കുത്തി നിയമസഭയിലെ മേശപ്പുറത്തുകൂടി വരുന്ന ചിത്രങ്ങള്‍ വിക്ടേഴ്‌സ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കണമെന്ന് പിടി തോമസ് പറഞ്ഞപ്പോള്‍ ഭരണപക്ഷത്തെ അംഗങ്ങള്‍പോലും ചിരിയടക്കാന്‍ പാടുപെട്ടു.

ആന കരിമ്പില്‍ കാട്ടില്‍ കയറിയതുപോലെയല്ല, മറിച്ച് ശിവന്‍കുട്ടി നിയമസഭയില്‍ കയറിയപോലെ എന്നു ചൊല്ല് മാറ്റണമെന്നും പിടി തോമസ് പറഞ്ഞു വച്ചു. പിടിയുടെ പ്രസംഗം ഇന്നും സാമൂഹ്യമാധ്യങ്ങളില്‍ തരംഗമായി കഴിഞ്ഞു.

ഉള്ളത് പറഞ്ഞ്  ഷൈലജ ടീച്ചര്‍

കാര്യം ഭരണപക്ഷ എംഎല്‍എയാണെങ്കിലും യാഥാര്‍ത്ഥ്യം കണ്ടാല്‍ പറയാതിരിക്കാന്‍ കെകെ ഷൈലജ ടീച്ചര്‍ക്ക് പറ്റില്ല. കോവിഡ് വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു തന്നെയാണ് മുന്‍ ആരോഗ്യമന്ത്രി പറഞ്ഞുവച്ചത്. അസംഘടിത മേഖല തകര്‍ച്ചയിലായ കാര്യം കാണാതെ പോകരുതെന്നും ഷൈലജ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പര്യാപ്തമല്ലെന്നും ഗുരുതരമായ വിഷയമാണിതെന്നും ഷൈലജ കുറ്റപ്പെടുത്തി. തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ നല്‍കണമെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു. എന്തായാലും ടീച്ചര്‍ക്ക് ഭരണപക്ഷം കയ്യടിച്ചില്ലെങ്കിലും പ്രതിപക്ഷം കൈയ്യടിക്കുമെന്ന് ഉറപ്പ്.

സഭയില്‍ തീപ്പൊരി ചിതറിച്ച് കെകെ രമ

കെകെ രമ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പ്രസംഗിച്ചപ്പോഴും ടിപി വിഷയമാകുക സ്വാഭാവികം. കേരളത്തിലെ ജയിലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവര്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ ബെഞ്ചിലടിച്ച് പ്രോത്സാഹിപ്പിച്ചു. കേരളത്തിലെ ജയലുകള്‍ ക്വട്ടേഷന്‍ കോള്‍ സെന്ററുകളായെന്നായിരുന്നു രമയുടെ പ്രസംഗം.

ജയിലുകളില്‍ മൊബൈല്‍ ഷോപ്പിലുള്ളതെല്ലാം കിട്ടുമെന്നും ഇതിനു സര്‍ക്കാര്‍ പ്രോത്സഹാനം നല്‍കുന്നുവെന്നും രമ ആരോപിച്ചു. ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കായി സിപിഎം ജയിലില്‍ പോലും എല്ലാ സഹായവും ചെയ്യുന്നുവെന്നും പറഞ്ഞപ്പോള്‍ ചിലരെങ്കിലും മുഖം താഴ്തിയിരുന്നതും കാഴ്ചയായി.

ആഭ്യന്തര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല

ഗവര്‍ണറുടെ ഉപവാസവും സ്ത്രീ സുരക്ഷിതത്വമില്ലായ്മയുമൊക്കെ സഭയില്‍ വിഷയമാക്കിയായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. മന്ത്രി എകെ ശശീന്ദ്രന്‍ സ്ത്രീപീഡനക്കേസൊതുക്കാന്‍ ഇടപെട്ടതിലെ അനൗചിത്യം ചെന്നിത്തല പറഞ്ഞു. പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തന്നെയായിരുന്നു ചെന്നിത്തല കത്തിക്കയറിയത്.

വാളയാര്‍ കേസും ഷൊര്‍ണൂരിലെ തീവ്രത കുറഞ്ഞ പീഡനവും ചെന്നിത്തല നന്നായി തന്നെ പറഞ്ഞുവച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമം മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചുവരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിസന്ധി ഉയര്‍ത്തി പിസി വിഷ്ണുനാഥ്

ധനാഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ വളരെ കാര്യക്ഷമമായി വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിസി വിഷ്ണുനാഥിന് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. തനിക്ക് കിട്ടിയ 10 മിനിറ്റിനുള്ളില്‍ കേരളത്തിലെ ഓരോ മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വിഷ്ണുനാഥിനായി.

ഉദ്യോഗാര്‍ത്ഥികളുടെ വിഷയവും വ്യാപാരികളുടെ പ്രശ്‌നവും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നവും ഒഴുക്കോടെ വിഷ്ണു അവതരിപ്പിച്ചപ്പോള്‍ അതു നിഷേധിക്കാന്‍ ഭരണപക്ഷത്തിനുപോലും കഴിഞ്ഞില്ല.

നിയമസഭയില്‍ പുതിയ അംഗങ്ങളൊക്കെ മികച്ച പ്രസംഗം നടത്തുന്നവരാണ്. പക്ഷേ തഴക്കവും പഴക്കവും വന്നരുടെ ഒപ്പമെത്താന്‍ ഇത്തിരിവൈകും. നിലവിലെ പുതുമുഖങ്ങളൊക്കെ സഭയില്‍ കഴിയുന്നത്ര പങ്കെടുക്കുന്നുണ്ടെന്നത് അവര്‍ക്കു ഗുണം ചെയ്യുമെന്നു നിസംശയം പറയാം.

×