‘പാഞ്ചാലി, മൈ ലവ്’ ; കവര്‍ച്ച ചെയ്‍ത സ്വർണാഭരണങ്ങൾ വിറ്റ് മോഷ്‍ടാവ് സ്വന്തമാക്കിയത് ഒരു മിനിലോറി ; സകല കളവിനും കൂട്ടുനില്‍ക്കുന്ന ഭാര്യയുടെ പേര് തന്നെ വണ്ടിക്ക് നല്‍കി ; ഒടുവില്‍ ..?

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, January 25, 2020

മലപ്പുറം: കവര്‍ച്ച ചെയ്‍ത സ്വർണാഭരണങ്ങൾ വിറ്റ് മോഷ്‍ടാവ് സ്വന്തമാക്കിയത് ഒരു മിനിലോറി.  മോഷണ വസ്‍തുക്കള്‍ വിറ്റ് വാങ്ങിയ മഹീന്ദ്ര മാക്സിമോ മിനിലോറിക്ക് ‘പാഞ്ചാലി’ എന്ന് പേരുമിട്ടു. വണ്ടിയോടും ഭാര്യയോടുമുള്ള സ്‍നേഹക്കൂതല്‍ കൊണ്ടാവണം പാഞ്ചാലിക്ക് മുമ്പ് ‘മൈ ലവ്’ എന്നു കൂടി എഴുതിച്ചേര്‍ത്തു മഞ്ജുനാഥ്. ഒടുവില്‍ പൊലീസ് കൈയ്യോടെ പൊക്കിയത് മഞ്ജുനാഥിനെ മാത്രമല്ല ലോറിയെയും ഭാര്യയും കൂടിയായിരുന്നു.

മലപ്പുറം കോട്ടപ്പടിയിലെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയിലായതോടെയാണ് വണ്ടി വാങ്ങിയ മോഷണകഥയുടെ ചുരുളഴിഞ്ഞത്. കഴിഞ്ഞമാസം 22ന് പുലർച്ചെയായിരുന്നു മോഷണം.

എടയൂർ പൂക്കാട്ടിരിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അറുമുഖൻ (കുഞ്ഞൻ 24), വളാഞ്ചേരി പൈങ്കണ്ണൂർ മൂടാലിൽ വാടക വീട്ടിൽ താമസിക്കുന്ന മഞ്ജുനാഥ്(39), ഭാര്യ പാഞ്ചാലി(33) എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്‍തത്.

വീട്ടുകാർ മറ്റൊരിടത്തേക്കു പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ അറുമുഖനും മഞ്ജുനാഥും അലമാര തുറന്ന് 30 പവന്റെ ആഭരണങ്ങൾ, 35,000 രൂപ, ഒരു ഫാൻ എന്നിവ മോഷ്ടിക്കുകയായിരുന്നു.

തുടര്‍ന്ന് മഞ്ജുനാഥും പാഞ്ചാലിയും ചേർന്ന് സ്വർണാഭരണങ്ങൾ വളാഞ്ചേരി, സേലം എന്നിവിടങ്ങളിലെ കടയിൽ വിറ്റു. ആക്രിക്കച്ചവടം വിപുലീകരിക്കുന്നതിനാണ് മഞ്ജുനാഥ് ഈ പണം ഉപയോഗിച്ച് മഹീന്ദ്ര മാക്സിമോ വാങ്ങുന്നത്. .

×