Advertisment

ബിജെപിയിൽ ഉള്ളത് പച്ചയായ ജാതി തിരിവോ?! സിനിമാതാരങ്ങളെ കളത്തിലിറക്കരുത്: കേരള ജനതയ്ക്ക് കലയ്ക്കും രാഷ്ട്രീയത്തിനും വ്യക്തമായ വേർതിരിവുണ്ട്: ഏറ്റവും വലിയ വങ്കത്തരം കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചത്: ബി.ജെ.പി രക്ഷപെടണമെങ്കിൽ കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റ് ആക്കണം! തിരുമേനിയുടെ പ്രതികരണം!

author-image
admin
Updated On
New Update
  • തിരുമേനി
Advertisment

കേരള രാഷ്ട്രീയത്തിൽ ഗ്രൂപ്പ് കളിയുടെ ആശാൻമാർ കോൺഗ്രസുകാരാണ്. സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ എത്ര ഗ്രൂപ്പ് ഉണ്ടെന്ന് അവർക്ക് പോലും നിശ്ചയമില്ല. കേരളത്തിൽ ബി.ജെ.പിയുടെ സ്ഥിതിയും ഏതാണ്ട് ഈ രൂപത്തിലായിരിക്കുകയാണ്. വി.മുരളീധരൻ നയിക്കുന്ന ഒരു വിഭാഗവും ആർ.എസ്.എസ് പിൻബലമുള്ള മറു വിഭാഗവും എന്നാണ് പുറമേ പറയുന്നതെങ്കിലും പച്ചയായ ജാതി തിരിവാണ് ബി.ജെ.പിയിൽ ഉള്ളത്.

publive-image

വി.മുരളീധരൻ നയിക്കുന്നത് ഈഴവ വിഭാഗത്തിന് മുൻതൂക്കമുള്ള ഗ്രൂപ്പാണ്. ഇക്കൂട്ടർ നായർ മേധാവിത്വം ആഗ്രഹിക്കുന്നില്ല. നായർ വിഭാഗത്തെ കഴിയുന്നതും ഒതുക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇതാണ് കേരളത്തിലെ ബി.ജെ.പി നേരിടുന്ന മൗലികമായ പ്രശ്നം.കെ.സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായപ്പോൾ നായർ വിഭാഗത്തെ ഒതുക്കാൻ നടത്തിയ ശ്രമമാണ് ബി.ജെ.പി ഇന്ന് ഇത്രയും പരിതാപകരമായ അവസ്ഥയിൽ എത്തിയതിന്റെ പ്രധാന കാരണം. കെ.സുരേന്ദ്രൻ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല എന്നതും ബി.ജെ.പിക്ക് ക്ഷീണമായി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹെലികോപ്റ്ററിൽ സഞ്ചരിച്ച കെ.സുരേന്ദ്രനെ ഒരു പരിഹാസ പാത്രമായാണ് ജനം കണ്ടത്.

പറഞ്ഞതിന്റെ സാരം കോൺ​ഗ്രസിൽ ഗ്രൂപ്പുകൾ വ്യക്തിയധിഷ്ഠിതമാണെങ്കിൽ ബി.ജെ.പിയിൽ ഇത് ജാതി അധിഷ്ഠിതമാണ്. മറ്റൊരു പ്രധാന വിഷയം കേരള ജനത ഒരിക്കലും സിനിമാ നടൻമാരെ രാഷ്ട്രീയത്തിൽ അംഗീകരിക്കില്ല എന്നതാണ്. ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നിത്യഹരിതനായകൻ പ്രേംനസീർ രാഷ്ട്രീയത്തിൽ പരാജയപ്പെട്ടില്ലേ ? കമ്മൂണിസ്റ്റ് രക്തം സിരകളിൽ ഓടിയിരുന്ന നടൻ മുരളി ആലപ്പുഴയിൽ ദയനീയമായി പരാജയപ്പെട്ടില്ലേ?

publive-image

സുരേഷ് ഗോപി പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃശ്ശൂരിൽ പരാജയപ്പെട്ടില്ലേ?നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത് പരാജയപ്പെട്ടില്ലേ?ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ പരാജയപ്പെട്ടില്ലേ? കേരള ജനതയ്ക്ക് കലയ്ക്കും രാഷ്ട്രീയത്തിനും വ്യക്തമായ വേർതിരിവുണ്ട്.

ഇത് തമ്മിൽ കൂട്ടി കുഴയ്ക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതായത് പൊതുരംഗത്ത് കൃത്യമായി അടയാളപ്പെടുത്തപ്പെട്ടവരെ മാത്രമേ തിരഞ്ഞെടുപ്പിൽ കേരള പൊതു സമൂഹം അംഗീകരിക്കുകയുള്ളു. മുകേഷിന്റേയും ഗണേഷ്കുമാറിന്റെയും കാര്യം വ്യത്യസ്തമാണ്. ഗണേഷ് കുമാറിനെതിരെ മത്സരിച്ചത് ജഗദീഷാണ്. മുകേഷ് കമ്മ്യൂണിസം വിളയുന്ന കൊല്ലത്ത് നിന്നാണ് ജയിച്ചത്.

ബി.ജെ.പി. കേരളത്തിൽ ചെയ്ത ഏറ്റവും വലിയ വങ്കത്തരം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടയിൽ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചതാണ്. ഇത് ബി.ജെ.പി പ്രവർത്തകർക്കിടയിൽ വലിയ രീതിയിൽ സംശയത്തിനിടയാക്കി. കുമ്മനം രാജശേഖരന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി കണ്ട് കേന്ദ്ര നേതൃത്ത്വത്തിൽ സ്വാധീനം ചെലുത്തി വി.മുരളീധരനാണ് ഇത് ചെയ്യിച്ചത് എന്ന് ബി.ജെ.പിയിലെ ഒരു ശക്തമായ വിഭാഗം ഇന്നും വിശ്വസിക്കുന്നുണ്ട്. തുടരെ തോൽവി ഉണ്ടായിട്ടും കുമ്മനം രാജശേഖരന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. അതിന്റെ കാരണം പൊതുരംഗത്തെ അദ്ദേഹത്തിന്റെ സംശുദ്ധതയാണ്.

publive-image

പിന്നീട് വന്ന അഡ്വ.പി.എസ്.ശ്രീധരൻ പിള്ളക്ക് കാര്യമായ ഒരു സംഭാവനയും നൽകാൻ കഴിഞ്ഞില്ല. ഇപ്പോഴത്തെ അധ്യക്ഷനായ സുരേന്ദ്രനാവട്ടെ കാര്യമായ പ്രതീക്ഷ നൽകുന്നുമില്ല. കേരളത്തിൽ ബി.ജെ.പി രക്ഷപെടണമെങ്കിൽ കേന്ദ്ര നേതൃത്വം രണ്ട് കാര്യങ്ങൾ ചെയ്യണം. കേരളത്തിൽ നിന്നുള്ള ഒരു നേതാക്കളേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭ അംഗമാക്കി മന്ത്രിമാർ ആക്കരുത്. ഇത് പറയാൻ കാരണം രണ്ടാണ്

ഒ.രാജഗോപാൽ മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായി. പിന്നീട് കേന്ദ്ര മന്ത്രിയായി. പിന്നീട് നേമം എം.എൽ.എ ആയി. ബി.ജെ.പി എന്ന സംഘടന കൊണ്ട് ഇത്രയും ഉയർച്ച നേടിയ വയോധികനായ ഒ.രാജഗോപാൽ ഇത്തവണ നേമത്ത് സീറ്റ് നൽകാത്തതിന്റെ പേരിൽ കാണിച്ച നീചവും നികൃഷ്ടവുമായ പ്രതികരണം കണ്ടില്ലേ ?

മാർക്സിസ്റ്റ് പാർട്ടിയിൽ ഇത് നടക്കുമോ ? അനുഗ്രഹം വാങ്ങാൻ ചെന്ന കുമ്മനം രാജശേഖരനോട് പരിണിതപ്രജ്ഞനായ രാജഗോപാൽ ചെയ്തത് ന്യായമാണോ? മാർക്സിസ്റ്റ് പാർട്ടിയിൽ 5 മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചില്ലേ? എന്തെങ്കിലും ശബ്ദം പുറത്ത് കേട്ടോ ?

രണ്ടാമത്മ ഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിൽ എത്തി മന്ത്രിയായ വി.മുരളീധരൻ കേരള ബി.ജെ.പിക്ക് എന്ത് സംഭാവനയാണ് നാളിതുവരെ നൽകിയത് ?

ഗ്രൂപ്പ് കളി പ്രോത്സാഹിപ്പിക്കുന്നതല്ലാതെ അദ്ദേഹം പാർട്ടിക്ക് യാതൊരു സംഭാവനയും ഇതുവരെ നൽകിയിട്ടില്ല. കോവിഡ് കാലത്ത് കേരള സർക്കാരുമായി കൊമ്പ് കോർത്തതല്ലാതെ കേരളത്തിന് എന്തെങ്കിലും പ്രയോജനം വി.മുരളീധരന്റെ ഭാഗത്തു നിന്ന് ഉണ്ടായതായി അറിയില്ല.

കെ.സുധാകരൻ കോൺഗ്രസിന്റെ തലപ്പത്തേക്ക് വരാൻ പോകുകയാണ്. പിണറായി വിജയൻ ഒരു വശത്തും കെ.സുധാകരൻ മറുവശത്തും നിൽക്കുമ്പോൾ അവരെ നേരിടാൻ കെ.സുരേന്ദ്രന് ശക്തിയില്ല.പരിണിത പ്രജ്ഞനായ കുമ്മനം രാജശേഖരനെ നേതൃത്ത്വത്തിൽ കൊണ്ടുവന്നാൽ മാത്രമേ ഇനി ബി.ജെ.പിക്ക് കേരളത്തിൽ രക്ഷ ഉണ്ടാവുകയുള്ളു.

Advertisment